സൈബർ ഇടത്തിൽ സ്ത്രീകളും കുട്ടികളും ഇന്ന് നേരിടുന്ന പ്രധാന പ്രശ്നം ശല്ല്യപെടുത്തുന്ന രീതിയിൽ അവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അനാവശ്യ മെസ്സേജുകൾ ആണ്. ഇക്കാലത്ത് സ്ത്രീകളും കുട്ടികളും സോഷ്യൽ മീഡിയയിലൂടെ നിരന്തരം പിന്തുടരപ്പെട്ടുകൊണ്ടിരിക്കുന്നു. പൊതുവെ ഇങ്ങനെ ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്നവരുടെ പ്രധാന ഉദ്ദേശം ലൈംഗിക താൽപ്പര്യങ്ങളാകാം. ഇരയുടെ തിരിച്ചറിയൽ നമ്പറുകളും ബാങ്കിങ് പാസ് വേഡുകളും ഫിഷിങ് എന്ന ആൾമാറാട്ടത്തിലൂടെയും സോഷ്യൽ എഞ്ചിനീയറിങ്ങിലൂടെയും കരസ്ഥമാക്കി സാമ്പത്തിക തട്ടിപ്പ് നടത്തുന്നതും കുറവല്ല. മിക്കപ്പോഴും മെസ്സേജിലൂടെയും മറ്റും ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്നത് ഇതിന് ഇരയാകുന്നവർ എതിർക്കാറുണ്ടെങ്കിലും അക്രമികൾ തങ്ങളുടെ പ്രവർത്തികളുമായി മുന്നോട്ടു പോവാറാണ് പതിവ്. ഇരകൾ ഇത്തരക്കാരെ ബ്ലോക്ക് ചെയ്താൽ പോലും മറ്റു അക്കൗണ്ടുകളിലൂടെ ഇവർ വീണ്ടും ഇരയുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നതും കണ്ടു വരുന്നുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പല സ്ത്രീകളും സോഷ്യൽ മീഡിയ ഉപേക്ഷിച്ചു പോവുന്നതും കുറവല്ല.
നിയമപരമായി ഇത്തരം അതിക്രമങ്ങളെ എങ്ങനെ നേരിടണം എന്നുള്ള ആളുകളുടെ അറിവില്ലായ്മയാണ് ഒരു പരിധിവരെ അക്രമികൾക്ക് വീണ്ടും വീണ്ടും ഇത്തരം പ്രവർത്തിയിൽ ഏർപ്പെടാൻ തണലാകുന്നത്. എവിടെ എങ്ങനെ പരാതിപ്പെടണം? ഇനി പരാതിപ്പെട്ടാൽ തന്നെ താൻ അനാവശ്യമായി നിയമത്തിന്റെ നൂലാമാലയിലേക്ക് വലിച്ചിഴക്കപ്പെടുമോ എന്ന ഭീതിയും പരാതിപെടുന്നതിൽ നിന്നും ആളുകളെ പിന്നോട്ട് വലിക്കുന്നു.
എന്നാൽ ഇങ്ങനെ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും സ്ത്രീകളുടെയും കുട്ടികളുടെയും എതിർപ്പ് വകവെക്കാതെ അവരോട് സമ്പർക്കം പുലർത്താൻ ശ്രമിക്കുന്നത് ഇന്ത്യൻ ശിക്ഷാനിയമം 354D വകുപ്പ് പ്രകാരവും അതുപോലെ 18 വയസ്സിനു താഴെയുള്ള കുട്ടികൾക്കാണ് സന്ദേശം അയക്കുന്നതെങ്കിൽ POCSO നിയമത്തിലെ വകുപ്പ് 11 പ്രകാരവും മൂന്നു വർഷം വരെ ജയിൽ ശിക്ഷലഭിക്കാവുന്ന കുറ്റമാണ്.
ഇങ്ങനെ ശല്ല്യപെടുത്തുന്ന രീതിയിൽ മെസ്സേജ് ലഭിച്ചാൽ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് പലർക്കും വലിയ അവബോധമില്ല. വാട്സപ്പിലോ മറ്റേതെങ്കിലും സോഷ്യൽ മീഡിയ ഇൻബോക്സിലോ മെസ്സഞ്ചറിലോ ആണ് സന്ദേശം ലഭിക്കുന്നതെങ്കിൽ ആയതിന്റെ സ്ക്രീൻ ഷോട്ട് എടുത്തശേഷം ആ സ്ക്രീൻ ഷോട്ടിന്റെ കോപ്പി പ്രിന്റ് ചെയ്ത് എടുത്തുവെക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. മെസ്സേജ് അയച്ച ആളുടെ മൊബൈൽ നമ്പറോ അയാളുടെ പ്രൊഫൈൽ പേരോ കാണുന്ന വിധത്തിൽ സ്ക്രീൻ ഷോട്ട് എടുക്കാൻ ശ്രദ്ധിക്കുക. മെസ്സേജ് അയക്കുന്ന ആളുടെ പ്രൊഫൈലിന്റെയും ഒരു സ്ക്രീൻ ഷോട്ടും എടുത്ത് പ്രിന്റ് ചെയ്ത് സൂക്ഷിച്ചുവെക്കുക. ശേഷം നിങ്ങളുടെ ഏറ്റവും അടുത്ത പോലീസ് സ്റ്റേഷനിൽ പോയി അനുവാദമില്ലാതെ തനിക്ക് മെസ്സേജുകൾ കിട്ടുന്നു എന്ന് കാണിച്ച് പരാതി കൊടുക്കാവുന്നതാണ്. കേരള പോലീസിന്റെ തുണ (THUNA) എന്ന വെബ്സൈറ്റിലൂടെ പരാതി ഓൺലൈനിൽ ബോധിപ്പിക്കാവുന്നതാണ്. പോലീസ് സ്റ്റേഷനിൽ നിങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഉടനെ FIR രജിസ്റ്റർ ചെയ്യുന്നില്ലെങ്കിൽ പ്രസ്തുത പരാതി ജില്ലാ പോലീസ് മേധാവിക്ക് പോസ്റ്റലായോ നേരിട്ടോ സമർപ്പിക്കാവുന്നതാണ്. ആയതിനു ശേഷവും FIR രജിസ്റ്റർ ചെയ്യുന്നില്ലെങ്കിൽ നിങ്ങളുടെ പ്രദേശത്തെ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ച് ഇതേ പരാതി പോലീസിനെ കൊണ്ട് അന്വേഷിപ്പിക്കാൻ ഉത്തരവിടിപ്പിക്കാൻ അപേക്ഷ കൊടുക്കാവുന്നതാണ്.
പരാതിയോടൊപ്പം നിങ്ങൾ നേരത്തെ എടുത്തുവെച്ച സ്ക്രീൻ ഷോട്ടിന്റെ പ്രിന്റ് ചെയ്ത കോപ്പിയും സമർപ്പിക്കുക. ഈ പ്രിന്റ് ചെയ്ത കോപ്പി കോടതിയിൽ തെളിവായി സ്വീകരിക്കേണ്ട ആവിശ്യത്തിന് പോലീസ് ഓഫീസർ തയ്യാറാക്കിത്തരുന്ന ഇന്ത്യൻ തെളിവ് നിയമത്തിലെ സെഷൻ 65(B)പ്രകാരമുള്ള സെർട്ടിഫിക്കറ്റിൽ ഒപ്പിട്ടു കൊടുക്കുക. മിക്കവാറും അവസരത്തിൽ നിങ്ങൾക്ക് മെസ്സേജുകൾ ലഭിച്ച ഫോണും അന്വേഷണത്തിന്റെ തെളിവിന്റെ ആവിശ്യത്തിലേക്കായി പോലീസ് ആവിശ്യപെട്ടേക്കാം. ഈ ഫോൺ ഫോറൻസിക് പരിശോധനക്ക് ശേഷം നിങ്ങൾക്ക് കോടതി മുഖേന തിരിച്ചു വാങ്ങാവുന്നതാണ്. പോലീസ് നിങ്ങളുടെ കേസ് അന്വേഷിച്ചു കോടതിയിൽ ചാർജ് കൊടുത്തുകഴിഞ്ഞാൽ കോടതിയിൽ നിങ്ങളുടെ മൊഴി രേഖപ്പെടുത്തുന്നതിന് സമ്മൻസ് അയക്കും. അതിൽ പറയുന്ന തിയ്യതിയിൽ കോടതിയിൽ പോയി നിങ്ങളുടെ മൊഴി രേഖപ്പെടുത്തി കഴിഞ്ഞാൽ ആ കേസുമായി ബന്ധപ്പെട്ട് പിന്നീട് നിങ്ങൾ ഒന്നും തന്നെ ചെയ്യേണ്ടതില്ല. കോടതി നിങ്ങളെ ശല്യം ചെയ്തയാളെ ശിക്ഷിക്കുകയും നിങ്ങൾക്ക് നീതി ലഭിക്കുകയും ചെയ്യും.