Categories
Law for Public

എനിക്ക് വീട്ടിൽ എത്ര സ്വർണ്ണം സൂക്ഷിക്കാൻ കഴിയും ?

സ്വർണ്ണം ഭാവിയിലേക്കുള്ള ഒരു കരുതൽ നിക്ഷേപമായി സൂക്ഷിക്കുന്നവർക്കുള്ള ഒരു സംശയമാണ് ഒരാളുടെ കൈവശം എത്ര സ്വർണ്ണം നിയമപരമായി സൂക്ഷിക്കാം എന്നത് . വല്ല ഇൻകംടാക്സ് റൈഡോ മറ്റോ ഉണ്ടായി വീട്ടിലെ സ്വർണ്ണം പിടിച്ചെടുത്താലോ എന്നൊക്കെയുള്ള ആശങ്ക ഒട്ടുമിക്ക ആളകൾക്കും ഉണ്ടാകും. വരുമാന നികുതി നിയമത്തിൽ അടുത്തക്കാലത്തുണ്ടായ മാറ്റങ്ങളും കള്ളപ്പണം കണ്ടെത്താനുള്ള ഗവൺമെൻ്റിൻ്റെ നീക്കങ്ങളും മൂലം പല തരത്തിലുള്ള തെറ്റായ വാർത്തകളും സ്വർണ്ണത്തെക്കുറിച്ച് പ്രചരിക്കുന്നുണ്ട്. ഒരാൾ സത്യസന്ധനാണെങ്കിൽ പോലും നിയമത്തെക്കുറിച്ചുള്ള അറിവില്ലായ്മ മൂലം അയാൾ നിയമക്കുരുക്കിൽച്ചെന്നുപെടാം.

നിങ്ങളുടെ കയ്യിൽ അതായത് വീട്ടിലോ ലോക്കറിലോ സൂക്ഷിച്ചിട്ടുള്ള സ്വർണ്ണത്തിൻ്റെ ഉറവിടം വിശദീകരിക്കാൻ നിങ്ങൾക്കു കഴിയുമെങ്കിൽ വിഷമിക്കേണ്ടതില്ലെന്ന് നികുതി വിദഗ്ധർ പറയുന്നു. ഇത്തരത്തിൽ നിങ്ങളുടെ കയ്യിലുള്ള സ്വർണ്ണ നിക്ഷേപത്തിൻ്റെ ഉറവിടം വിശദീകരിക്കാൻ കഴിയുമെങ്കിൽ കൈവശം വെക്കാവുന്ന സ്വർണ്ണത്തിൻ്റെ അളവിന് പരിധിയില്ലെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡൈറക്ട് ടാക്സിൻ്റ (CBDT ) 2016 ഡിസംബർ 01 ലെ പത്രക്കുറിപ്പിൽ വൃക്തമാക്കിയിട്ടുണ്ട്. പക്ഷെ നികുതി ഉദ്യോഗസ്ഥർ ഒരാളുടെ വീട്ടിലോ മറ്റോ തിരച്ചിൽ നടത്തുന്ന അവസരത്തിൽ അയാളുടെ കൈവശമുള്ള സ്വർണ്ണത്തിൻ്റെ അളവ് അയാൾ നികുതി റിട്ടേണുകളിൽ വെളിപ്പെടുത്തിയ വരുമാനവുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ ഉദ്യോഗസ്ഥർക്ക് കണക്കിൽപ്പെടാത്ത സ്വർണ്ണം പിടിച്ചെടുക്കാനുള്ള അധികാരമുണ്ട്.

എന്നിരുന്നാലും മേൽ സാഹചര്യത്തിൽ പോലും താഴെ പറയുന്ന അളവിലുള്ള സ്വർണ്ണം പിടിച്ചെടുക്കില്ലെന്ന് CBDT വ്യക്തമാക്കിയിട്ട് ഉണ്ട്.

വിവാഹിതയായ സ്ത്രീ # 500gm
അവിവാഹിതയായ സ്ത്രീ # 250gm
പുരുഷൻ #100gm

അതായത് മേൽ പറഞ്ഞ അളവിലുള്ള സ്വർണ്ണം കൈവശം വെക്കാൻ യാതൊരു രേഖയുടെയും ആവശ്യമില്ലെന്ന് മാത്രമല്ല ഒരാളുടെ വരുമാനവുമായി യോജിക്കുന്നു എന്ന് തെളിയിക്കുകയും വേണ്ട. മേൽ സൂചിപ്പിച്ച അളവിൽ കൂടുതൽ ഉള്ള സ്വർണ്ണത്തിന് ശ്രോതസ്സ് കാണിക്കാതിരിക്കുകയോ നികുതി അടച്ചിട്ടില്ലെന്ന് കാണുകയോ ചെയ്താൽ ഉദ്യോഗസ്ഥർക്ക് പിടിച്ചെടുക്കാൻ അധികാരമുണ്ട്.

എന്നാൽ പറഞ്ഞ അളവിൽ കൂടുതൽ ഉള്ള സ്വർണ്ണം അനന്തരാവകാശമായി ലഭിച്ചതാണെന്ന് തെളിയിക്കാൻ കഴിഞ്ഞാൽ കുടുംബ ആചാരങ്ങളും പാരമ്പര്യവും ഉൾപ്പെടെയുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കി അളവിൽ കൂടുതലുള്ള സ്വർണ്ണം പിടിച്ചെടുക്കാതിരിക്കാൻ ടാക്സ് ഉദ്യോഗസ്ഥർക്ക് വിവേചനാധികാരമുണ്ട്.

അനന്തരാവകാശമായോ സമ്മാനമായോ ലഭിച്ചതാണ് അളവിൽ കൂടുതലുള്ള സ്വർണ്ണം എന്ന് തെളിയിക്കാൻ വാങ്ങിയ ആളുടെ പേരിലുള്ള രസീത്, ഫാമിലി സെറ്റിൽമെൻ്റ് ആധാരം, ഒസിയത്ത് ധനാധാരം തുടങ്ങിയ തെളിവുകൾ ഹാജരാക്കാം. ഇനി നിങ്ങൾക്ക് ഇത്തരം രേഖകളൊന്നുമില്ലെങ്കിൽ നിങ്ങളുടെ കുടുംബ സാമൂഹിക നില ആചാരങ്ങൾ, പാരമ്പര്യങ്ങൾ തുടങ്ങിയവ അടിസ്ഥാനമാക്കി നികുതി ഉദ്യോഗസ്ഥൻ്റെ വിവേചനാധികാരം ഉപയോഗിച്ച് ഒഴിവ് കഴിവ് നൽകിയെന്നും വരാം.പക്ഷെ അത് ഉദ്യോഗസ്ഥരുടെ ബോധ്യത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും .

മേൽ പരാമർശിച്ചത് ഓരോ വ്യക്തികൾക്കുമുള്ള പരിധികളാണ്. ഒരു കുടുംബത്തിലുള്ള ഓരോ വ്യക്തിക്കും ഈ അളവിൽ ഒഴിവു കഴിവു ലഭിക്കും. അങ്ങിനെ വരുമ്പോൾ ഒരു കുടുംബത്തിലെ ഓരോ വ്യക്തിയുടെയും പരിധികൾ ഒന്നിച്ച് കൂടിയിട്ടുള്ള അളവ് സ്വർണ്ണം ഒരു കുടുംബം താമസിക്കുന്ന സ്ഥലത്ത് സൂക്ഷിച്ചു വെക്കുന്നതിനു നിയമ തടസ്സമില്ല.

Categories
Law for Public

ഡോക്ടറുടെ അശ്രദ്ധകൊണ്ടുള്ള അപകടത്തിനും പരിഹാരമുണ്ട്

ഡോക്ടേഴ്സിനെതിരെയും പാരാമെഡിക്കൽസിനെതിരെയുമുള്ള അതിക്രമങ്ങൾക്കെതിരെ ഒരു നിയമം കേന്ദ്ര ഗവൺമെന്റിന്റെ പരിഗണനയിൽ ആണെന്നുള്ള വിഷയം നമ്മൾ മുമ്പ് ചർച്ച ചെയ്തിരുന്നു. ആയതിന് ശേഷം ഡോക്ടേഴ്സിന്റെ അശ്രദ്ധക്കെതിരെ രോഗികൾക്ക് പരിഹാരമായി നിയമങ്ങൾ ഒന്നും നിലവിൽ ഇല്ലേ എന്നുള്ള ഒരു ചോദ്യം പല മേഘലകളിൽ നിന്നും ഉണ്ടായിരുന്നു. രോഗികൾക്കും നിയമ പരിരക്ഷയുണ്ട് എന്ന് അറിയുക. ഒരു ഡോക്ടർ ഒരു രോഗിയെ ചികിത്സച്ചതിനു ശേഷം ഈ രോഗിക്ക് എന്തെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങളോ മുറിവുകളോ അല്ലെങ്കിൽ മരണം വരെയും സംഭവിച്ചു കഴിഞ്ഞാൽ എന്താണ്പ്രതിവിധി എന്നുള്ളത് പലർക്കും അറിയില്ല. അതിനും പരിഹാരം ഇന്ത്യൻ നിയമങ്ങളിൽ തന്നെ ഉണ്ടെന്നാണ് സത്യം . ഇന്ത്യൻ പീനൽ കോഡിൽ 337,338 അത് പോലെ മരണം സംഭവിച്ച് കഴിഞ്ഞാൽ 304A എന്നീ വകുപ്പുകൾ ചുമത്തി ചികിത്സയിൽ അശ്രദ്ധ വരുത്തിയ ഡോക്ടർക്കെതിരെ നിയമ നടപടി എടുക്കാവുന്നതാണ്. ഇതിന് നമ്മൾ ചെയ്യേണ്ടത് ഇത്തരം ഒരു അശ്രദ്ധ ഒരു ഡോക്ടറുടെ അടുത്ത് നിന്ന് വന്നാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി ഈ കാര്യങ്ങൾ വിശദീകരിച്ച് കൊണ്ട് എനിക്ക് ഇത്തരത്തിലുള്ള ഒരു അപകടം അല്ലെങ്കിൽ ഇന്ന രീതിയിലുള്ള പാർശ്വഫലങ്ങൾ സംഭവിച്ചു എന്നുള്ള കാര്യം ബോധിപ്പിക്കാം. അതുപോലെ തന്നെ പോലീസ് ഈ പരാതി വേണ്ട രീതിയിൽ പരിഗണിക്കുന്നില്ല ഒരു എഫ്. ഐ .ആർ രജിസ്റ്റർ ചെയ്യുന്നില്ല എന്നുള്ള അവസരത്തിൽ നേരിട്ട് കോടതിയെ സമീപിച്ച് പരാതിയായി കോടതിയിൽ ബോധിപ്പിക്കാവുന്നതാണ്.

പക്ഷേ സുപ്രീം കോടതി ഡോക്ടർക്കെതിരെ ഏതൊക്കെ സാഹചര്യങ്ങളിൽ ഒരു ക്രിമിനൽ കേസ് എടുക്കാം എന്നതിനെ കുറിച്ച് ജേക്കബ്മാത്യൂ വേഴ്സസ് സ്റ്റേറ്റ് ഓഫ് പഞ്ചാബ് എന്ന കേസിൽ വളരെ വിശദമായ ഒരു വിധി പറഞ്ഞിട്ടുണ്ട്. അതിൽ പറയുന്നത് ഒരു സാധാരണ അശ്രദ്ധ ഒരു ഡോക്ടർക്കെതിരെ ക്രിമിനൽ നിയമ നടപടി എടുക്കുന്നതിന് പര്യാപ്തമല്ല എന്നാണ്. സാധാരണ ഗതിയിൽ ഒരു ഡോക്ടറും ചികിത്സക്കിടെ ചെയ്യാത്ത കാര്യങ്ങൾ ആരോപണ വിധേയനായ ഡോക്ടർ ചെയ്താൽ മാത്രമേ ക്രിമിനൽ നിയമ നടപടികൾ എടുക്കാൻ പാടുള്ളൂ എന്ന് കൃത്യമായി സുപ്രീം കോടതി പറഞ്ഞു വെച്ചു. അതു മാത്രമല്ല അതിന്റെ കൂടെ ഒരു ഡോക്ടർക്കെതിരെ ഒരു ക്രിമിനൽ നടപടി എടുക്കണമെങ്കിൽ ജില്ലാ മെഡിക്കൽ ഓഫീസർ അടക്കമുള്ള വിദഗ്ദ്ധ ഡോക്ടർമാർ അടങ്ങിയ ബോർഡ് ഡോക്ടറുടെ ഭാഗത്ത് കാര്യമായ അശ്രദ്ധ ഉണ്ട് എന്നുള്ള ഒരു റിപ്പോർട്ട് കൊടുത്താൽ മാത്രമേ പോലീസ് ഡോക്ടർക്കെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യാൻ പാടുള്ളൂ എന്നും ഈ വിധിയിൽ പറയുന്നു. ഡോക്ടർ എടുത്ത ഒരു തീരുമാനം തെറ്റിയിട്ടാണ് അപകടം സംഭവിച്ചത് എങ്കിൽ പോലും ആ ഡോക്ടർക്കെതിരെ ക്രിമിനൽ നിയമ നടപടിക്ക് സാധ്യത ഇല്ല. പക്ഷെ രോഗിക്കോ ബന്ധുക്കൾക്കോ സിവിൽ ആയി നിയമ നടപടികൾസ്വീകരിക്കാൻ കഴിയും. അതായത് കൺസ്യുമർ കോടതിയിലോ മറ്റു സിവിൽ കോടതിയിലോ കേസ് കൊടുത്ത്‌ നഷ്ട്ടപരിഹാരം ഡോക്ടറിൽ നിന്നോ ബന്ധപെട്ട ആശുപത്രികളിൽ നിന്നോ വാങ്ങിയെടുക്കാം.
ചുരുക്കത്തിൽ ഡോക്ടറുടെ അശ്രദ്ധ കൊണ്ട് ഒരു രോഗിക്ക് അപകടമോ മരണമോ സംഭവിച്ചാൽ ഡോക്ടർക്കെതിരെ ക്രിമിനലായോ സിവിൽ ആയോ നിയമ നടപടി സ്വീകരിക്കാം. പക്ഷെ സുപ്രീം കോടതി ജേക്കബ് മാത്യു വേഴ്സസ് സ്റ്റേറ്റ് ഓഫ് പഞ്ചാബ് കേസിൽ പറഞ്ഞ പോലെ ഒരു മെഡിക്കൽ ബോർഡ് ഡോക്ടർ വലിയതരത്തിലുള്ള അശ്രദ്ധ കാണിച്ചു എന്ന് പറഞ്ഞാൽ മാത്രമാണ് ക്രമിനൽ ആയി നടപടി എടുക്കാൻ കഴിയൂ. കൺസ്യുമർ ഫോറത്തിലോ സിവിൽ കോടതിയിലോ ഡോക്ടർക്കോ ഹോസ്പിറ്റലിനോ എതിരെ കേസ്കൊടുക്കുന്നതിനു ഈ തടസ്സമില്ല. പക്ഷെ ഇത്തരം ഒരു അശ്രദ്ധ ഡോക്ടറുടെ അടുത്ത് നിന്നുണ്ടായി എന്ന് തെളിയിക്കേണ്ടതായിട്ടുണ്ട്. അതിന് വേണ്ട തെളിവുകൾ കോടതിയിൽ ബോധിപ്പിക്കേണ്ടി വരും.
പക്ഷെ വ്യാജവൈദ്യൻമാരുടെ ചികിത്സാഫലമായിട്ടാണ് ഇത്തരം അപകടങ്ങൾ സംഭവിക്കുന്നത് എങ്കിൽ സുപ്രീം കോടതി ജേക്കബ് മാത്യു വേഴ്സസ് സ്റ്റേറ്റ് ഓഫ് പഞ്ചാബിൽ പറഞ്ഞ പോലുള്ള പ്രൊട്ടക്ഷൻ വ്യാജവൈദ്യന്മാർക്ക് ലഭിക്കില്ല എന്നുള്ളത്കൂടി ഓർക്കേണ്ടതാണ്. അവരെ നിയമ പരമായി കൈകാര്യം ചെയ്യാൻ നിയമത്തിൽ മറ്റു കാര്യങ്ങളും പറയുന്നുണ്ട്. ചുരുക്കത്തിൽ ഒരു ഡോക്ടർ
ചികിത്സക്കിടെ വലിയ അശ്രദ്ധ കാണിച്ചാൽ മാത്രമേ ക്രമിനൽ നടപടികൾ എടുക്കാൻ കഴിയുകയുള്ളൂ. മരണം വരെ സംഭവിച്ചാൽ പോലും ക്രമിനൽ നടപടി എടുക്കണമെങ്കിൽ വളരെ വലിയ രീതിയിലുള്ള അശ്രദ്ധ ഡോക്ടറുടെ ഭാഗത്ത്‌ നിന്നും ഉണ്ടായി എന്ന് മെഡിക്കൽ ബോർഡ് പറയണം. ഡോക്ടർ ഒരു റീസണബിൾ കെയർ തന്റെ പ്രാക്ടീസിൽ എടുക്കുകയാണെങ്കിൽ ഈ ക്രമിനൽ നടപടി എടുക്കാൻ സാധിക്കില്ല. പക്ഷെ ഡോക്ടർക്കെതിരെ സിവിൽ ആയി നടപടികൾ എടുത്ത് നഷ്ടപരിഹാരം വാങ്ങാവുന്നതാണ്.