Categories
Editor's Picks Law for Public Legal News

ഏതു രേഖ കൊണ്ട് പൗരത്വം തെളിയിക്കും?

ഗുവാഹത്തി ഹൈകോടതിയുടെ സമീപകാലത്തെ 2 വിധിന്യായങ്ങളക്കുറിച്ചുള്ള റിപ്പോട്ടുകൾ വ്യാപകമായ ഞെട്ടലും ആശ്ചര്യവും സൃഷ്ടിച്ചു. തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് പൗരത്വത്തിന്റെ തെളിവല്ലെന്ന് ഫോറിനേഴ്സ് ട്രിബ്യൂണലിന്റെ കണ്ടെത്തൽ ശരി വെച്ച്കൊണ്ട് മുനിദ്ര ബിശ്വാസ് എന്ന വ്യക്തിയെ വിദേശിയായി പ്രഖ്യാപിച്ചു കൊണ്ട് ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധി പുറപ്പെടുവിച്ചു. അതേപോലെ പാൻ കാർഡ്, ബാങ്ക് രേഖകൾ, ഭൂനികുതി രസീതുകൾ തുടങ്ങിയവയും പൗരത്വം തെളിയിക്കാൻ പര്യാപ്തമല്ലെന്ന് നിരീക്ഷിച്ച് കൊണ്ട് ജബേദ ബീഗമെന്ന സ്ത്രീയെയും ഹൈകോടതി വിദേശിയായി പ്രഖ്യാപിച്ചു. അതേ സമയം 2020, ഫെബ്രുവരി 11ന് മുംബയിലെ ഒരു വിചാരണ കോടതി തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് പൗരത്വം തെളിയിക്കാൻ മതിയായ രേഖയാണെന്ന് പറഞ്ഞുകൊണ്ട് 1946 ലെ ഫോറിനേഴ്സ് ആക്റ്റ് എന്ന നിയമ പ്രകാരം 2 പേരെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിടുകയുമുണ്ടായി.

ഗുവാഹത്തി ഹൈകോടതിയുടെ മേൽ സൂചിപ്പിച്ച 2 വിധികളും ആസാമിന്റെ പ്രത്യേക സാഹചര്യത്തിൽ ഉണ്ടാക്കപ്പെട്ട ആസാം അക്കോർഡിൽ നിഷ്കർശിച്ചിട്ടുള്ള രേഖകൾ അടിസ്ഥാനപ്പെടുത്തിയുള്ളതാണെങ്കിലും, ദേശീയ പൗരത്വ രജിസ്ട്രറിനെതിരെ വ്യാപകമായ പ്രക്ഷോഭങ്ങൾക്കിടയിലാണ് ഈ വിധികൾ വന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നു.

ഈ സാഹചര്യത്തിൽ ഏതു രേഖകൾക്ക് ഇന്ത്യൻ പൗരത്വം തെളിയിക്കാൻ കഴിയും എന്ന ചോദ്യം സോഷ്യൽ മീഡിയയിലും മറ്റും രൂക്ഷമായി ചർച്ച ചെയ്യപ്പെട്ടു. പൗരത്വത്തിനായി സ്വീകാര്യമായ രേഖകളെക്കുറിച്ച് സർക്കാരിനു തന്നെ വ്യക്തതയില്ല എന്നതാണ് വാസ്തവം, ഇത് ആശങ്കക്കുഴപ്പം വർധിപ്പിക്കുന്നു.

2019 ഡിസംബറിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പൗരത്വത്തിന് തെളിവായി സ്വീകാര്യമായ രേഖകളെക്കുറിച്ച് ഇതു വരെ തീരുമാനമെടുത്തിട്ടില്ല എന്നാണ് പറയുന്നത് (പത്ര കുറിപ്പ് വായിക്കാം)

CAA- NRC യെക്കുറിച്ചുള്ള സംശയങ്ങൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ ഈ പത്രക്കുറിപ്പിൽ പറയുന്നത് ഒരാളോട് വോട്ടർ പട്ടികയിൽ പേര് ചേർക്കാനോ ആധാർ കാർഡ് എടുക്കാനോ എന്ത് രേഖകളാണോ ആവശ്യപ്പെടുന്നത് അത് പോലുള്ള രേഖകൾ മാത്രമേ NRC യിൽ പേര് ചേർക്കാനും ആവശ്യപ്പെടൂ എന്നും NRC നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല എന്നുമാണ്. അത് പോലെ ജനന തിയ്യതി ജനന സ്ഥലം എന്നിവ കാണിക്കുന്ന രേഖകൾ സമർപ്പിച്ചുകൊണ്ട് പൗരത്വം തെളിയിക്കാനാകും എന്നും അത്തരം രേഖകൾ തീരുമാനിച്ചിട്ടില്ലെന്നും, വോട്ടർ കാർഡ്, പാസ്പോർട്ട്, ആധാർ, ഡ്രൈവിംഗ് ലൈസൻസ്, ഇൻഷൂറൻസ് പേപ്പർ, ജനന സർട്ടിഫിക്കറ്റ്, സ്കൂൾ വിടുതൽ സർട്ടിഫിക്കറ്റ്, സ്ഥലത്തിനേയോ വീടിനേയോ സംബന്ധിച്ച രേഖകൾ എന്നീ രേഖകൾ പൗരത്വം തെളിയിക്കുന്ന രേഖകളായി ഉൾപ്പെടാൻ സാധ്യതയുണ്ടെന്നും ഈ പത്രക്കുറിപ്പിൽ പറയുന്നു.

എന്നാൽ ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, ആധാർ എന്നീ രേഖകൾ നിലവിലെ നിയമ മനുസരിച്ച് ഒരു വ്യക്തിയുടെ പൗരത്വം തെളിയിക്കുന്ന രേഖകൾ അല്ലെന്ന് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഈ രേഖകൾ ഒരാൾ അതിൽ പറയുന്ന വിലാസത്തിൽ താമസിക്കുന്നു എന്ന് മാത്രം തെളിയിക്കുന്ന രേഖയാണെന്നും അവർ അഭിപ്രായപ്പെടുന്നു. അതേ സമയം പാസ്പോർട്ടും, വോട്ടർ ഐഡികാർഡും പൗരത്വത്തിന്റെ തെളിവായി പരിഗണിച്ചേക്കാം എന്ന അഭിപ്രായവും നിയമ രംഗത്തുള്ളവർ പ്രകടിപ്പിക്കുന്നു. കാരണം ഈ രണ്ടു രേഖയും താൻ ഇന്ത്യൻ പൗരനാണെന്ന ഡിക്ലറേഷൻ നൽകിയാൽ മാത്രമേ അനുവദിച്ചു കിട്ടുകയുള്ളൂ. എന്നിരുന്നാലും ഏതെങ്കിലും രേഖ പൗരത്വത്തിനു നിർണായക തെളിവാണെന്ന് സർക്കാറിൽ നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനമോ ഭരണഘടനാ കോടതികളിൽ നിന്നും ഏതെങ്കിലും വിധികളോ ഇതുവരെ വന്നിട്ടില്ല.

പൗരത്വ നിയമം 1955 ന്റെ വകുപ്പ് – 3 അനുസരിച്ച് 1950 ജനുവരി 1 നും 1987 ജൂലൈ 1നും ഇടയിൽ ജനിച്ചവർ അവരുടെ ജനനം കൊണ്ട് ജന്മാവകാശമായി പൗരത്വം ലഭിച്ചവരാണ്. അതുകൊണ്ട് ഈ കാലയളവിൽ അവർ ഇന്ത്യയിൽ ജനിച്ചു എന്ന രേഖയായിരിക്കും സമർപ്പിക്കേണ്ടത്. 1987 ജൂലൈ 1നും 2004 ഡിസംബർ 3 നും ഇടയിൽ ഇന്ത്യയിൽ ജനിച്ച ആളാണെങ്കിൽ അയാൾ ഇന്ത്യയിൽ ജനിച്ചു എന്ന് കാണിക്കുന്ന രേഖയും അയാളുടെ മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്ന രേഖയും ഹാജരാക്കേണ്ടി വരും. അതേ പോലെ ഒരാൾ 2004 ഡിസംബറിർ 4 നോ അതിന് ശേഷമോ ഇന്ത്യയിൽ ജനിച്ചതാണെങ്കിൽ അയാൾ ഇന്ത്യയിൽ ജനിച്ചു എന്ന് കാണിക്കുന്ന രേഖയും അയാളുടെ മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്ന രേഖയും മറ്റേയാൾ അനധികൃത കുടിയേറ്റക്കാരൻ അല്ലെന്നും തെളിയിക്കേണ്ടി വരും. അല്ലെങ്കിൽ മാതാപിതാക്കൾ രണ്ടുപേരും ഇന്ത്യൻ പൗരൻമാരാണെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കിയാലും മതി. മാതാപിതാക്കൾ 1987 ജൂലൈ 1നു മുമ്പ് ഇന്ത്യയിൽ ജനിച്ചവരാണെങ്കിൽ ജനനം കൊണ്ട് അവർ ഇന്ത്യൻ പൗരന്മാരായിരിക്കും. അത് കൊണ്ട് മാതാപിതാക്കളുടെ പൗരത്വം തെളിയിക്കാൻ അവർ ഇന്ത്യയിൽ ജനിച്ചു എന്നു തെളിയിക്കുന്ന രേഖ സമർപ്പിക്കേണ്ടതായി വരും.