കേരളത്തിലെ സ്വയാശ്രയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നിന്നും 25-02-21 ന് ഉണ്ടായ വിധി വിദ്യാർത്ഥികൾക്ക് ഗുണകരമാകാൻ സാധ്യത തെളിഞ്ഞു. ജസ്റ്റിസ് നാഗേശ്വര റാവു ജസ്റ്റിസ് രവീന്ദ്ര ബട്ട് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഒരു കൂട്ടം മെഡിക്കൽ വിദ്യാർത്ഥികൾ കേരള ഹൈകോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലിൽ സ്വയാശ്രയ മെഡിക്കൽ കോളേജ് ഫീസ് ഘടനയെ ദൂരവ്യാപകമായി സ്വാധീനിക്കുന്ന സുപ്രധാന വിധി പ്രസ്താവിച്ചത്. 2017-18 2018-19 എന്നീ ബാച്ചുകളുടെ ഫീസ് പുനർനിർണയിക്കാൻ ഫീ റെഗുലേറ്ററി കമ്മിറ്റിയോട് കേരള ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. മെഡിക്കൽ കോളേജുകൾ സമർപ്പിക്കുന്ന ഓഡിറ്റ് ചെയ്ത ബാലൻസ് ഷീറ്റിന്റെയോ അതിന്റെ അഭാവത്തിൽ താൽക്കാലിക പ്രോഫിറ്റ് ആൻഡ് ലോസ് അക്കൗണ്ടിന്റെയോ അടിസ്ഥാനത്തിൽ മാത്രം ഫീ റെഗുലേറ്ററി കമ്മിറ്റി ഫീസ് നിർണയിക്കണമെന്ന കേരള ഹൈകോടതിയുടെ നിർദ്ദേശം തള്ളി ക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി. ഫീസ് മൂന്നുമാസത്തിനകം പുനർ നിർണയിക്കാനും ഫീസ് നിർണയ തീരുമാനത്തിൽ എത്തിച്ചേരുന്നതിന് ആവശ്യമായ ഏത് വിവരവും നൽകാൻ മാനേജുമെന്റുകളോട് നിർദ്ദേശിക്കാൻ കമ്മിറ്റിക്ക് അധികാരമുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. 2017 ലെ കേരള മെഡിക്കൽ വിദ്യാഭ്യാസ(സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന നിയന്ത്രണ) നിയമത്തിന്റെ വകുപ്പ് 11 ൽ നിർദേശിക്കുന്ന കാര്യങ്ങൾ പരിഗണിച്ച ശേഷമാവണം കമ്മിറ്റി ഫീസ് നിർണയിക്കേണ്ടതെന്നും സുപ്രീം കോടതി നിർദേശിച്ചു. ഇങ്ങിനെ നിശ്ചയിക്കുന്ന ഫീസ് അമിതമാകരുതെന്നും ചൂഷണ രഹിതമാണെന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
ഫലത്തിൽ വിദ്യാർത്ഥികൾക്ക് അനുകൂലമായ വിധിയാണ് സുപ്രീം കോടതി പുറപ്പെടിവിച്ചത് എന്ന് നിയമ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. മുക്കം KMCT മെഡിക്കൽ കോളേജിന്റെ 2020-21 ബാച്ചിന്റെ ഫീസ് പുനർ നിർണയിക്കാൻ കേരള ഹൈക്കോടതി ആവശ്യപ്പെട്ടപ്പോൾ 08-02-21 ന് ഫീസ് റെഗുലേറ്ററി കമ്മിറ്റി ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആദ്യം നിശ്ചയിച്ച ഫീസിനേക്കാളും കുറഞ്ഞ തുകയായ 553070/- രൂപയാണ് വാർഷിക ഫീസ് ആയി നിശ്ചയിച്ചത്. ഫീ റെഗുലേറ്ററി കമ്മിറ്റിയുടെ നീതിയുക്തമായ ഈ തീരുമാനം ഇനി വരുന്ന ഫീസ് നിർണ്ണയത്തിലും പ്രതിഫലിക്കുമെന്ന് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നു.