Categories
Editor's Picks Law for Public Legal News Students Corner

സ്വയാശ്രയ മെഡിക്കൽ കോളേജ് ഫീസ്: സുപ്രീം കോടതി വിധി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസകരം

കേരളത്തിലെ സ്വയാശ്രയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നിന്നും 25-02-21 ന് ഉണ്ടായ വിധി വിദ്യാർത്ഥികൾക്ക് ഗുണകരമാകാൻ സാധ്യത തെളിഞ്ഞു. ജസ്റ്റിസ് നാഗേശ്വര റാവു ജസ്റ്റിസ് രവീന്ദ്ര ബട്ട് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഒരു കൂട്ടം മെഡിക്കൽ വിദ്യാർത്ഥികൾ കേരള ഹൈകോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലിൽ സ്വയാശ്രയ മെഡിക്കൽ കോളേജ് ഫീസ് ഘടനയെ ദൂരവ്യാപകമായി സ്വാധീനിക്കുന്ന സുപ്രധാന വിധി പ്രസ്താവിച്ചത്. 2017-18 2018-19 എന്നീ ബാച്ചുകളുടെ ഫീസ് പുനർനിർണയിക്കാൻ ഫീ റെഗുലേറ്ററി കമ്മിറ്റിയോട് കേരള ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. മെഡിക്കൽ കോളേജുകൾ സമർപ്പിക്കുന്ന ഓഡിറ്റ് ചെയ്ത ബാലൻസ് ഷീറ്റിന്റെയോ അതിന്റെ അഭാവത്തിൽ താൽക്കാലിക പ്രോഫിറ്റ് ആൻഡ് ലോസ് അക്കൗണ്ടിന്റെയോ അടിസ്ഥാനത്തിൽ മാത്രം ഫീ റെഗുലേറ്ററി കമ്മിറ്റി ഫീസ് നിർണയിക്കണമെന്ന കേരള ഹൈകോടതിയുടെ നിർദ്ദേശം തള്ളി ക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി. ഫീസ് മൂന്നുമാസത്തിനകം പുനർ നിർണയിക്കാനും ഫീസ് നിർണയ തീരുമാനത്തിൽ എത്തിച്ചേരുന്നതിന് ആവശ്യമായ ഏത് വിവരവും നൽകാൻ മാനേജുമെന്റുകളോട് നിർദ്ദേശിക്കാൻ കമ്മിറ്റിക്ക് അധികാരമുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. 2017 ലെ കേരള മെഡിക്കൽ വിദ്യാഭ്യാസ(സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന നിയന്ത്രണ) നിയമത്തിന്റെ വകുപ്പ് 11 ൽ നിർദേശിക്കുന്ന കാര്യങ്ങൾ പരിഗണിച്ച ശേഷമാവണം കമ്മിറ്റി ഫീസ് നിർണയിക്കേണ്ടതെന്നും സുപ്രീം കോടതി നിർദേശിച്ചു. ഇങ്ങിനെ നിശ്ചയിക്കുന്ന ഫീസ് അമിതമാകരുതെന്നും ചൂഷണ രഹിതമാണെന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

ഫലത്തിൽ വിദ്യാർത്ഥികൾക്ക് അനുകൂലമായ വിധിയാണ് സുപ്രീം കോടതി പുറപ്പെടിവിച്ചത് എന്ന് നിയമ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. മുക്കം KMCT മെഡിക്കൽ കോളേജിന്റെ 2020-21 ബാച്ചിന്റെ ഫീസ് പുനർ നിർണയിക്കാൻ കേരള ഹൈക്കോടതി ആവശ്യപ്പെട്ടപ്പോൾ 08-02-21 ന് ഫീസ് റെഗുലേറ്ററി കമ്മിറ്റി ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആദ്യം നിശ്ചയിച്ച ഫീസിനേക്കാളും കുറഞ്ഞ തുകയായ 553070/- രൂപയാണ് വാർഷിക ഫീസ് ആയി നിശ്ചയിച്ചത്. ഫീ റെഗുലേറ്ററി കമ്മിറ്റിയുടെ നീതിയുക്തമായ ഈ തീരുമാനം ഇനി വരുന്ന ഫീസ് നിർണ്ണയത്തിലും പ്രതിഫലിക്കുമെന്ന് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നു.

Categories
Editor's Picks Law for Public Legal News

നെറ്റിൽ കുട്ടികളുടെ അശ്ലീലം തിരയുന്നവർ കുടുങ്ങും

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഇന്റർനെറ്റിൽ തിരയുന്നത് പോലും കുറ്റകരമാണ് എന്ന് പലർക്കും അറിയില്ല. ഈ അടുത്ത കാലത്ത് പലപ്പോഴായി ഡാർക്ക്‌ നെറ്റിലടക്കം കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും തിരയുകയും കാണുകയും ചെയ്ത വളരെ അധികം പേരെ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്യുകയും ധാരാളം ഇലക്ട്രോണിക് ഉപകരണങ്ങൾ ഇതുമായി ബന്ധപ്പെട്ട് പിടിച്ചെടുക്കുകയുണ്ടായി. ഇന്റർനെറ്റിൽ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും മറ്റും തിരയുന്നവരുടെയും കാണുന്നവരുടെയും കൂട്ടത്തിൽ പ്രായപൂർത്തിയാവാത്ത കുട്ടികൾ പോലും ഉൾപ്പെടുന്നു എന്ന വസ്തുത പ്രശ്നത്തിന്റെ ഗൗരവം കൂട്ടുന്നു. ഈ ലോക്ഡൗൺ കാലത്ത് പഠനാവശ്യത്തിനും മറ്റും കുട്ടികളുടെ കൈവശം ഇന്റർനെറ്റ് കണക്ഷൻ ഉള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ നിയന്ത്രണങ്ങളില്ലാതെ എത്തിപ്പെട്ടതാകാം ഇത്തരം ദുരുപയോഗം വർദ്ധിക്കാൻ കാരണമെന്ന് സംശയിക്കപ്പെടുന്നു. ഇരകളാകുന്ന കുട്ടികളുടെ കൈവശമുള്ള ഉപകരണങ്ങളുടെ വെബ്ക്യാമുകൾ മാൽവെയറുകൾ ഉപയോഗിച്ച് അവരറിയാതെ സജീവമാക്കി നഗ്ന ചിത്രങ്ങളും മറ്റും ചിത്രീകരിക്കുന്ന രീതിയും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്.

കുട്ടികളുടെ നഗ്ന ചിത്രങ്ങളോ വീഡിയോകളോ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ അയക്കുന്നതോ പ്രസിദ്ധീകരിക്കുന്നതോ ഇൻഫെർമേഷൻ ടെക്നോളജി നിയമ പ്രകാരം കുറ്റകരമാണ്. അതുപോലെ തന്നെ കുട്ടികളുടെ നഗ്ന ഫോട്ടോകളോ കുട്ടികളെ അശ്ലീലമായി ചിത്രീകരിക്കുന്ന എഴുത്തുകളോ ഫോട്ടോകളോ വീഡിയോകളോ സൂക്ഷിച്ചു വെക്കുന്നതോ ഇന്റർനെറ്റിൽ തിരയുന്നത് പോലുമോ Information Technology Act 67B വകുപ്പ് പ്രകാരം അഞ്ചു വർഷം വരെ തടവും പത്തു ലക്ഷം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്. ഇതേ കുറ്റം ആവർത്തിക്കുന്ന പക്ഷം ഏഴു വർഷം വരെ തടവിന് ശിക്ഷിക്കപ്പെടും.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം കുട്ടികളെ കുറിച്ചുള്ള ലൈംഗിക കാര്യങ്ങൾ ഇന്റർനെറ്റിൽ തിരയുന്നതുപോലും ഈ വകുപ്പ് പ്രകാരം കുറ്റകരമാണ് എന്നതാണ്. ഇന്റർനെറ്റിൽ ഇത്തരം കാര്യങ്ങൾ തിരയുന്നതോ കുട്ടികളുടെ അശ്ലീല വീഡിയോയും ഫോട്ടോയും കാണുന്നതോ ഡൗൺ ലോഡ് ചെയ്യുന്നതോ നിയമപാലകർക്ക് കണ്ടു പിടിക്കാൻ കഴിയില്ല എന്ന തെറ്റായ ധാരണയിലാണ് പലരും ഇത്തരം നിയമ വിരുദ്ധമായ കാര്യങ്ങളിൽ ഏർപ്പെടുന്നത്. എന്നാൽ ഡാർക്ക്‌ നെറ്റിൽ നിന്ന് വരെ വിവരങ്ങൾ ശേഖരിക്കാൻ കഴിയുന്ന ആധുനിക സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ അന്താരാഷ്ട്ര തലത്തിൽ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായുള്ള ഇന്റർപോളിന്റെ ഒരു പ്രത്യേക യുണിറ്റ് ഏത് സമയത്തും ജാഗരൂഗരായി ഇരിക്കുന്നുണ്ട്. കേരളമടക്കമുള്ള എല്ലാ സംസ്ഥാന പോലീസ് അധികാരികൾക്കും അപ്പപ്പോൾ തന്നെ കുട്ടികളുടെ അശ്ലീല വീഡിയോയും ഫോട്ടോയും മറ്റും തിരയുന്നവരുടെ IP അഡ്രസ്സ് അടക്കമുള്ള വിവരങ്ങൾ ഇന്റർപോൾ കൈമാറുന്നുണ്ട്. കേരളത്തിൽ ഒരു ADGP യുടെ നേതൃത്വത്തിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനു വേണ്ടി CCSE (Countering Child Sexual Exploitation) എന്ന പേരിൽ ഒരു പ്രത്യേക പോലീസ് യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്. ഈ യൂണിറ്റ് ഇന്റർപോളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. കേരളത്തിൽ ഈയിടെയുണ്ടായ പരിശോധനകളും അറസ്റ്റുകളും പോലീസ് ഇങ്ങനെ അപ്പപ്പോൾ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടന്നതാണ്. ഇതോടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും മറ്റും പ്രചരിപ്പിക്കുന്നതും കാണുന്നതും തിരയുന്നതും പോലുള്ള ഗൗരവതരമായ കുറ്റകൃത്യങ്ങൾ കുറയുമെന്ന് പ്രതീക്ഷിക്കാം.

Categories
Editor's Picks Law for Public Legal News

ഏതു രേഖ കൊണ്ട് പൗരത്വം തെളിയിക്കും?

ഗുവാഹത്തി ഹൈകോടതിയുടെ സമീപകാലത്തെ 2 വിധിന്യായങ്ങളക്കുറിച്ചുള്ള റിപ്പോട്ടുകൾ വ്യാപകമായ ഞെട്ടലും ആശ്ചര്യവും സൃഷ്ടിച്ചു. തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് പൗരത്വത്തിന്റെ തെളിവല്ലെന്ന് ഫോറിനേഴ്സ് ട്രിബ്യൂണലിന്റെ കണ്ടെത്തൽ ശരി വെച്ച്കൊണ്ട് മുനിദ്ര ബിശ്വാസ് എന്ന വ്യക്തിയെ വിദേശിയായി പ്രഖ്യാപിച്ചു കൊണ്ട് ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധി പുറപ്പെടുവിച്ചു. അതേപോലെ പാൻ കാർഡ്, ബാങ്ക് രേഖകൾ, ഭൂനികുതി രസീതുകൾ തുടങ്ങിയവയും പൗരത്വം തെളിയിക്കാൻ പര്യാപ്തമല്ലെന്ന് നിരീക്ഷിച്ച് കൊണ്ട് ജബേദ ബീഗമെന്ന സ്ത്രീയെയും ഹൈകോടതി വിദേശിയായി പ്രഖ്യാപിച്ചു. അതേ സമയം 2020, ഫെബ്രുവരി 11ന് മുംബയിലെ ഒരു വിചാരണ കോടതി തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് പൗരത്വം തെളിയിക്കാൻ മതിയായ രേഖയാണെന്ന് പറഞ്ഞുകൊണ്ട് 1946 ലെ ഫോറിനേഴ്സ് ആക്റ്റ് എന്ന നിയമ പ്രകാരം 2 പേരെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിടുകയുമുണ്ടായി.

ഗുവാഹത്തി ഹൈകോടതിയുടെ മേൽ സൂചിപ്പിച്ച 2 വിധികളും ആസാമിന്റെ പ്രത്യേക സാഹചര്യത്തിൽ ഉണ്ടാക്കപ്പെട്ട ആസാം അക്കോർഡിൽ നിഷ്കർശിച്ചിട്ടുള്ള രേഖകൾ അടിസ്ഥാനപ്പെടുത്തിയുള്ളതാണെങ്കിലും, ദേശീയ പൗരത്വ രജിസ്ട്രറിനെതിരെ വ്യാപകമായ പ്രക്ഷോഭങ്ങൾക്കിടയിലാണ് ഈ വിധികൾ വന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നു.

ഈ സാഹചര്യത്തിൽ ഏതു രേഖകൾക്ക് ഇന്ത്യൻ പൗരത്വം തെളിയിക്കാൻ കഴിയും എന്ന ചോദ്യം സോഷ്യൽ മീഡിയയിലും മറ്റും രൂക്ഷമായി ചർച്ച ചെയ്യപ്പെട്ടു. പൗരത്വത്തിനായി സ്വീകാര്യമായ രേഖകളെക്കുറിച്ച് സർക്കാരിനു തന്നെ വ്യക്തതയില്ല എന്നതാണ് വാസ്തവം, ഇത് ആശങ്കക്കുഴപ്പം വർധിപ്പിക്കുന്നു.

2019 ഡിസംബറിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പൗരത്വത്തിന് തെളിവായി സ്വീകാര്യമായ രേഖകളെക്കുറിച്ച് ഇതു വരെ തീരുമാനമെടുത്തിട്ടില്ല എന്നാണ് പറയുന്നത് (പത്ര കുറിപ്പ് വായിക്കാം)

CAA- NRC യെക്കുറിച്ചുള്ള സംശയങ്ങൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ ഈ പത്രക്കുറിപ്പിൽ പറയുന്നത് ഒരാളോട് വോട്ടർ പട്ടികയിൽ പേര് ചേർക്കാനോ ആധാർ കാർഡ് എടുക്കാനോ എന്ത് രേഖകളാണോ ആവശ്യപ്പെടുന്നത് അത് പോലുള്ള രേഖകൾ മാത്രമേ NRC യിൽ പേര് ചേർക്കാനും ആവശ്യപ്പെടൂ എന്നും NRC നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല എന്നുമാണ്. അത് പോലെ ജനന തിയ്യതി ജനന സ്ഥലം എന്നിവ കാണിക്കുന്ന രേഖകൾ സമർപ്പിച്ചുകൊണ്ട് പൗരത്വം തെളിയിക്കാനാകും എന്നും അത്തരം രേഖകൾ തീരുമാനിച്ചിട്ടില്ലെന്നും, വോട്ടർ കാർഡ്, പാസ്പോർട്ട്, ആധാർ, ഡ്രൈവിംഗ് ലൈസൻസ്, ഇൻഷൂറൻസ് പേപ്പർ, ജനന സർട്ടിഫിക്കറ്റ്, സ്കൂൾ വിടുതൽ സർട്ടിഫിക്കറ്റ്, സ്ഥലത്തിനേയോ വീടിനേയോ സംബന്ധിച്ച രേഖകൾ എന്നീ രേഖകൾ പൗരത്വം തെളിയിക്കുന്ന രേഖകളായി ഉൾപ്പെടാൻ സാധ്യതയുണ്ടെന്നും ഈ പത്രക്കുറിപ്പിൽ പറയുന്നു.

എന്നാൽ ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, ആധാർ എന്നീ രേഖകൾ നിലവിലെ നിയമ മനുസരിച്ച് ഒരു വ്യക്തിയുടെ പൗരത്വം തെളിയിക്കുന്ന രേഖകൾ അല്ലെന്ന് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഈ രേഖകൾ ഒരാൾ അതിൽ പറയുന്ന വിലാസത്തിൽ താമസിക്കുന്നു എന്ന് മാത്രം തെളിയിക്കുന്ന രേഖയാണെന്നും അവർ അഭിപ്രായപ്പെടുന്നു. അതേ സമയം പാസ്പോർട്ടും, വോട്ടർ ഐഡികാർഡും പൗരത്വത്തിന്റെ തെളിവായി പരിഗണിച്ചേക്കാം എന്ന അഭിപ്രായവും നിയമ രംഗത്തുള്ളവർ പ്രകടിപ്പിക്കുന്നു. കാരണം ഈ രണ്ടു രേഖയും താൻ ഇന്ത്യൻ പൗരനാണെന്ന ഡിക്ലറേഷൻ നൽകിയാൽ മാത്രമേ അനുവദിച്ചു കിട്ടുകയുള്ളൂ. എന്നിരുന്നാലും ഏതെങ്കിലും രേഖ പൗരത്വത്തിനു നിർണായക തെളിവാണെന്ന് സർക്കാറിൽ നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനമോ ഭരണഘടനാ കോടതികളിൽ നിന്നും ഏതെങ്കിലും വിധികളോ ഇതുവരെ വന്നിട്ടില്ല.

പൗരത്വ നിയമം 1955 ന്റെ വകുപ്പ് – 3 അനുസരിച്ച് 1950 ജനുവരി 1 നും 1987 ജൂലൈ 1നും ഇടയിൽ ജനിച്ചവർ അവരുടെ ജനനം കൊണ്ട് ജന്മാവകാശമായി പൗരത്വം ലഭിച്ചവരാണ്. അതുകൊണ്ട് ഈ കാലയളവിൽ അവർ ഇന്ത്യയിൽ ജനിച്ചു എന്ന രേഖയായിരിക്കും സമർപ്പിക്കേണ്ടത്. 1987 ജൂലൈ 1നും 2004 ഡിസംബർ 3 നും ഇടയിൽ ഇന്ത്യയിൽ ജനിച്ച ആളാണെങ്കിൽ അയാൾ ഇന്ത്യയിൽ ജനിച്ചു എന്ന് കാണിക്കുന്ന രേഖയും അയാളുടെ മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്ന രേഖയും ഹാജരാക്കേണ്ടി വരും. അതേ പോലെ ഒരാൾ 2004 ഡിസംബറിർ 4 നോ അതിന് ശേഷമോ ഇന്ത്യയിൽ ജനിച്ചതാണെങ്കിൽ അയാൾ ഇന്ത്യയിൽ ജനിച്ചു എന്ന് കാണിക്കുന്ന രേഖയും അയാളുടെ മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്ന രേഖയും മറ്റേയാൾ അനധികൃത കുടിയേറ്റക്കാരൻ അല്ലെന്നും തെളിയിക്കേണ്ടി വരും. അല്ലെങ്കിൽ മാതാപിതാക്കൾ രണ്ടുപേരും ഇന്ത്യൻ പൗരൻമാരാണെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കിയാലും മതി. മാതാപിതാക്കൾ 1987 ജൂലൈ 1നു മുമ്പ് ഇന്ത്യയിൽ ജനിച്ചവരാണെങ്കിൽ ജനനം കൊണ്ട് അവർ ഇന്ത്യൻ പൗരന്മാരായിരിക്കും. അത് കൊണ്ട് മാതാപിതാക്കളുടെ പൗരത്വം തെളിയിക്കാൻ അവർ ഇന്ത്യയിൽ ജനിച്ചു എന്നു തെളിയിക്കുന്ന രേഖ സമർപ്പിക്കേണ്ടതായി വരും.