Categories
Editor's Picks Law for Public Opinion

വക്കീലിനെന്താ കൊമ്പുണ്ടോ ? ഉണ്ടെന്ന് വക്കീലന്മാർ. അഡ്വ രാമൻപിള്ളയുടെ ക്രൈം ബ്രാഞ്ച് നോട്ടീസിനുള്ള മറുപടി ശ്രദ്ധ ആകർഷിക്കുന്നു.

അഡ്വ ഫാത്തിമ സബ്ന

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ളക്ക് കോട്ടയം ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചതും നോട്ടീസിന് അഡ്വക്കേറ്റ് രാമൻ പിള്ള മറുപടി നൽകിയതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയ വിഷയമാണ്. കഴിഞ്ഞ അഞ്ചു വർഷമായി കേരളമാകെ ഉറ്റ് നോക്കുന്ന നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിന്റെ അഭിഭാഷകനായ അഡ്വ. രാമൻ പിള്ളക്ക് ക്രൈം ബ്രാഞ്ച് ആ കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന കേസിൽ ചോദ്യം ചെയ്യാൻ നോട്ടിസ് അയച്ചിരുന്നു. ആ നോട്ടീസിന് മറുപടിയായി അദ്ദേഹം താൻ ഉത്തരം തരാൻ തയ്യാറല്ലെന്നും എന്തുകൊണ്ട് തന്നെ ആ കേസിനു വേണ്ടി ചോദ്യം ചെയ്യാൻ നിയമപരമായി വിളിപ്പിക്കാൻ പറ്റില്ലെന്നും വ്യക്തമാക്കികൊണ്ട് ഒരു മറുപടി അയച്ചിരുന്നു. ഒരു അഭിഭാഷകനും തന്റെ കക്ഷിയുമായുള്ള ആശയവിനിമങ്ങളും ചർച്ചകളും പ്രൊഫഷണൽ കമ്മ്യൂണിക്കേഷന്റെ കുടക്കീഴിൽ വരുന്നതും ആതിന് ഇന്ത്യൻ തെളിവ് നിയമം വകുപ്പ് 126 ന്റെ സംരക്ഷണമുള്ളതാണെന്നും, 126 ആം വകുപ്പ് പ്രകാരം ഒരു അഭിഭാഷകനും തന്റെ കക്ഷിയുടെ സമ്മതമില്ലാതെ കേസ് നടത്തിപ്പ് കാര്യങ്ങൾ മറ്റൊരാളോടും വെളിപ്പെടുത്താൻ പാടില്ല എന്നുമായിരുന്നു അദ്ദേഹം ക്രൈം ബ്രാഞ്ചിന്റെ നോട്ടീസിന് മറുപടി കൊടുത്തത്.

ക്രൈംബ്രാഞ്ച് നടപടി അഭിഭാഷകരുടെ അവകാശങ്ങളിലുള്ള കടന്നുകയറ്റവും നിയമ നടപടികളെ സ്വാധീനിക്കുന്നതിനുള്ള ശ്രമവും അഭിഭാഷകരുടെ തൊഴിൽ സ്വാതന്ത്യത്തിന്റെ ലംഘനവുമാണെന്ന് ഹൈകോടതി ബാർ അസ്സോസിയേഷൻ പ്രമേയം പാസ്സാക്കുകയുമുണ്ടായി.

അഡ്വ. രാമൻപിള്ള തന്റെ മറുപടിയിൽ പറഞ്ഞ പ്രകാരം അഭിഭാഷകനും തന്റെ കക്ഷിയുമായുള്ള ആശയവിനിമങ്ങളും ചർച്ചകളും ആരോടും വെളിപ്പെടുത്താവുന്നതല്ലന്നും അതിന് ഇന്ത്യൻ തെളിവ് നിയമം വകുപ്പ് 126 ന്റെ സംരക്ഷണമുണ്ടെന്നും നിയമ വൃത്തങ്ങൾ പൊതുവെ അപിപ്രായപ്പെടുന്നു. പക്ഷെ ഇതേ 126 ആം വകുപ്പ് പറയുന്നത് ചില സാഹചര്യങ്ങളിൽ ഈ വകുപ്പിന്റെ സംരക്ഷണം അഭിഭാഷകർക്ക് ലഭിക്കില്ല എന്നാണ്. ഉദാഹരണത്തിന് വക്കീലിനെ കക്ഷി ചുമതലപെടുത്തിയ ശേഷം നിയമ വിരുദ്ധമായിട്ടുള്ള കാര്യങ്ങൾക്ക് വേണ്ടിയോ , കുറ്റകൃത്യത്തിന് വേണ്ടിയോ വഞ്ചനക്ക് വേണ്ടിയോ മറ്റോ വക്കീലും കക്ഷിയും തമ്മിൽ ആശയ വിനിമയം നടന്നിട്ടുണ്ടെങ്കിൽ അത്തരം ആശയ വിനിമയങ്ങൾക്ക് സംരക്ഷണം ലഭിക്കില്ല എന്നും 126 – ആം വകുപ്പിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അഭിഭാഷകൻ തന്റെ അഭിഭാഷക വൃത്തിയിൽ ചില തത്വങ്ങളും നീതിയും ഉയർത്തിപിടിക്കേണ്ടതായിട്ടുണ്ട്. ഒരു അഭിഭാഷകൻ സാക്ഷിയെ നേരിട്ട് ബന്ധപ്പെട്ട് കൂറ് മാറാൻ പ്രേരിപ്പിക്കുന്നത് നിയവിരുദ്ധവും അതിനാൽ തന്നെ 126 ആം വകുപ്പിന്റെ സംരക്ഷണം കിട്ടാത്ത പ്രവൃത്തിയുമാണ്. എന്നാൽ അഡ്വ. രാമൻ പിള്ള അത്തരമൊരു നിയവിരുദ്ധ പ്രവർത്തി നേരിട്ട് ചെയ്തതായി ക്രൈം ബ്രാഞ്ച് ആരോപിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. ഗൗരവതരമായ ഇത്തരം വിഷയങ്ങളിൽ ക്രൈം ബ്രാഞ്ചിന്റെ ലാഘവത്തോടെയുള്ള സമീപന രീതി സംസ്ഥാനത്തെ നീതി നടത്തിപ്പിനെ ഒട്ടാകെ ബാധിക്കുമെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കട്ടുന്നു. ഇത്തരം പ്രവൃത്തികൾ വിമർശനങ്ങൾക്ക് ഇടവരുത്തുമെന്നും ഒരു വിധത്തിലും പ്രോത്സാഹിപ്പിക്കേണ്ടതല്ലെന്നും അവർ അപിപ്രായപെടുന്നു. നിയമനടപടികൾക്കൊരുങ്ങി കേരള ഹൈ കോടതി ബാർ അസോസിയേഷനും രംഗത്ത് വന്നിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന കേസ് തെളിയിക്കുക എന്നത് പ്രോസിക്യൂഷന്റെ ബാധ്യതയാണെന്നും ആയതിലേക്ക് പ്രതി ഭാഗം വക്കീലിനെ നോട്ടിസ് അയച്ചു വരുത്തുന്നത് ക്രൈം ബ്രാഞ്ചിന്റെ കൃത്യ നിർവഹണത്തിന് യോജിച്ചതല്ലെന്നും അത്തരം പ്രവൃത്തികൾ ഒരു രീതിയിലും അഗീകരിക്കാൻ പറ്റുന്നതല്ലെന്നും ബാർ അസോസിയേഷൻ പറയുന്നു. ക്രിമനൽ കേസിൽ സാക്ഷികൾ കൂറുമാറുന്ന സാഹചര്യത്തിൽ അഭിഭാഷന് നോട്ടീസ് അയച്ചു വരുത്തി ചോദ്യം ചെയ്യുന്നത് കേരളത്തിൽ തന്നെ ആദ്യ സംഭവമായിരിക്കും. ഈ പ്രവൃത്തി യുക്തിസഹവുമല്ലെന്നാണ് പൊതുവെ അപിപ്രായമുയരുന്നത്. കേസ് പ്രതിയുടെയും വാദിയുടെതുമാണ് അല്ലാതെ അഭിഭാഷകന്റെതല്ല എന്നത് പൊതു നിയമ തത്വമാണ്. നീതിയുടെയും നിയമത്തിന്റെയും തത്വങ്ങൾ നമ്മുടെ നീതിപാലകർ വിസ്മരിക്കില്ലെന്ന് നമുക്ക് ആശിക്കാം.

Disclaimer: These are the personal opinions of the author.

By Niyamum .com

We are a bunch of Legal Experts expressing our own opinion in various legal subjects.Subscribe our newsletter for new posts.

Leave a Reply

Your email address will not be published. Required fields are marked *