കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഇന്റർനെറ്റിൽ തിരയുന്നത് പോലും കുറ്റകരമാണ് എന്ന് പലർക്കും അറിയില്ല. ഈ അടുത്ത കാലത്ത് പലപ്പോഴായി ഡാർക്ക് നെറ്റിലടക്കം കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും തിരയുകയും കാണുകയും ചെയ്ത വളരെ അധികം പേരെ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്യുകയും ധാരാളം ഇലക്ട്രോണിക് ഉപകരണങ്ങൾ ഇതുമായി ബന്ധപ്പെട്ട് പിടിച്ചെടുക്കുകയുണ്ടായി. ഇന്റർനെറ്റിൽ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും മറ്റും തിരയുന്നവരുടെയും കാണുന്നവരുടെയും കൂട്ടത്തിൽ പ്രായപൂർത്തിയാവാത്ത കുട്ടികൾ പോലും ഉൾപ്പെടുന്നു എന്ന വസ്തുത പ്രശ്നത്തിന്റെ ഗൗരവം കൂട്ടുന്നു. ഈ ലോക്ഡൗൺ കാലത്ത് പഠനാവശ്യത്തിനും മറ്റും കുട്ടികളുടെ കൈവശം ഇന്റർനെറ്റ് കണക്ഷൻ ഉള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ നിയന്ത്രണങ്ങളില്ലാതെ എത്തിപ്പെട്ടതാകാം ഇത്തരം ദുരുപയോഗം വർദ്ധിക്കാൻ കാരണമെന്ന് സംശയിക്കപ്പെടുന്നു. ഇരകളാകുന്ന കുട്ടികളുടെ കൈവശമുള്ള ഉപകരണങ്ങളുടെ വെബ്ക്യാമുകൾ മാൽവെയറുകൾ ഉപയോഗിച്ച് അവരറിയാതെ സജീവമാക്കി നഗ്ന ചിത്രങ്ങളും മറ്റും ചിത്രീകരിക്കുന്ന രീതിയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കുട്ടികളുടെ നഗ്ന ചിത്രങ്ങളോ വീഡിയോകളോ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ അയക്കുന്നതോ പ്രസിദ്ധീകരിക്കുന്നതോ ഇൻഫെർമേഷൻ ടെക്നോളജി നിയമ പ്രകാരം കുറ്റകരമാണ്. അതുപോലെ തന്നെ കുട്ടികളുടെ നഗ്ന ഫോട്ടോകളോ കുട്ടികളെ അശ്ലീലമായി ചിത്രീകരിക്കുന്ന എഴുത്തുകളോ ഫോട്ടോകളോ വീഡിയോകളോ സൂക്ഷിച്ചു വെക്കുന്നതോ ഇന്റർനെറ്റിൽ തിരയുന്നത് പോലുമോ Information Technology Act 67B വകുപ്പ് പ്രകാരം അഞ്ചു വർഷം വരെ തടവും പത്തു ലക്ഷം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്. ഇതേ കുറ്റം ആവർത്തിക്കുന്ന പക്ഷം ഏഴു വർഷം വരെ തടവിന് ശിക്ഷിക്കപ്പെടും.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം കുട്ടികളെ കുറിച്ചുള്ള ലൈംഗിക കാര്യങ്ങൾ ഇന്റർനെറ്റിൽ തിരയുന്നതുപോലും ഈ വകുപ്പ് പ്രകാരം കുറ്റകരമാണ് എന്നതാണ്. ഇന്റർനെറ്റിൽ ഇത്തരം കാര്യങ്ങൾ തിരയുന്നതോ കുട്ടികളുടെ അശ്ലീല വീഡിയോയും ഫോട്ടോയും കാണുന്നതോ ഡൗൺ ലോഡ് ചെയ്യുന്നതോ നിയമപാലകർക്ക് കണ്ടു പിടിക്കാൻ കഴിയില്ല എന്ന തെറ്റായ ധാരണയിലാണ് പലരും ഇത്തരം നിയമ വിരുദ്ധമായ കാര്യങ്ങളിൽ ഏർപ്പെടുന്നത്. എന്നാൽ ഡാർക്ക് നെറ്റിൽ നിന്ന് വരെ വിവരങ്ങൾ ശേഖരിക്കാൻ കഴിയുന്ന ആധുനിക സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ അന്താരാഷ്ട്ര തലത്തിൽ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായുള്ള ഇന്റർപോളിന്റെ ഒരു പ്രത്യേക യുണിറ്റ് ഏത് സമയത്തും ജാഗരൂഗരായി ഇരിക്കുന്നുണ്ട്. കേരളമടക്കമുള്ള എല്ലാ സംസ്ഥാന പോലീസ് അധികാരികൾക്കും അപ്പപ്പോൾ തന്നെ കുട്ടികളുടെ അശ്ലീല വീഡിയോയും ഫോട്ടോയും മറ്റും തിരയുന്നവരുടെ IP അഡ്രസ്സ് അടക്കമുള്ള വിവരങ്ങൾ ഇന്റർപോൾ കൈമാറുന്നുണ്ട്. കേരളത്തിൽ ഒരു ADGP യുടെ നേതൃത്വത്തിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനു വേണ്ടി CCSE (Countering Child Sexual Exploitation) എന്ന പേരിൽ ഒരു പ്രത്യേക പോലീസ് യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്. ഈ യൂണിറ്റ് ഇന്റർപോളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. കേരളത്തിൽ ഈയിടെയുണ്ടായ പരിശോധനകളും അറസ്റ്റുകളും പോലീസ് ഇങ്ങനെ അപ്പപ്പോൾ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടന്നതാണ്. ഇതോടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും മറ്റും പ്രചരിപ്പിക്കുന്നതും കാണുന്നതും തിരയുന്നതും പോലുള്ള ഗൗരവതരമായ കുറ്റകൃത്യങ്ങൾ കുറയുമെന്ന് പ്രതീക്ഷിക്കാം.