Categories
Business Laws Editor's Picks Law for Public

ഉപഭോക്താവ്‌ പറ്റിക്കപെട്ടാൽ പരിഹാരം ഇതാ

വില കൊടുത്തു വാങ്ങുന്ന സാധനങ്ങൾ കേടുപാടുള്ളതോ പറഞ്ഞ നിലവാരമില്ലാത്തതോ ഒക്കെ ആയി നമ്മൾ പറ്റിക്കപ്പെടാറുണ്ട്. പലപ്പോഴും കേടുവന്ന സാധനങ്ങൾ മാറ്റി നൽകാൻ കടക്കാർ തയ്യാറാവാറില്ല. ഉപഭോക്താക്കളെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും, മായം ചേർത്തതും നിലവാരമില്ലാത്തതുമായ ചരക്കുകൾ വാങ്ങി പറ്റിക്കപ്പെടുന്നതിൽ നിന്നും, അപര്യാപ്തമായ സേവനങ്ങളിൽ നിന്നും അവരെ രക്ഷിക്കുന്നതിനുമായി ഉപഭോക്തൃ സംരക്ഷണ നിയമം 1986ഏപ്രിൽ 15 മുതൽ ഇന്ത്യയിൽ നിലവിൽ വന്നു. പിന്നീട് 1986 ലെ നിയമം റദ്ദ്‌ ചെയ്തുകൊണ്ട് 2020 ജൂലൈ മുതൽ ഉപഭോക്താവിന് കൂടുതൽ നിയമ സംരക്ഷണം നൽകിക്കൊണ്ട് പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നു. ഓൺലൈനിൽ ഇടപാടുകൾ വർധിച്ചു വരുന്ന പുതിയ ലോകത്ത് ചൂഷണത്തിന് വിധേയരാകുന്ന ഓൺലൈൻ ഉപഭോക്താക്കളടക്കമുള്ള എല്ലാത്തരം ഉപഭോക്താക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് ഈ നിയമത്തിന്റെ മുഖ്യലക്ഷ്യം.

വില കൊടുത്തു എന്തെങ്കിലും സാധങ്ങൾ നേരിട്ടോ ഓൺലൈനിലോ വാങ്ങിയ വ്യക്തി, വാങ്ങിയ ആളുടെ അനുവാദത്തോടെ സാധനങ്ങൾ ഉപയോഗിച്ച വ്യക്തി, പണം കൊടുത്തു എന്തെങ്കിലും സേവനങ്ങൾ ഉപയോഗപ്പെടുത്തിയ വ്യക്തി എന്നിവരെ ഈ നിയമ പ്രകാരം ഉപഭോക്താവായി പരിഗണിക്കും. ഒരാൾ വില കൊടുത്തു വാങ്ങിയ സാധനം കേടുപാടുള്ളതോ വൈകല്യമുള്ളതോ ആവുക, പണം നൽകി പ്രയോജനപ്പെടുത്തിയ സേവനത്തിൽ പോരായ്മയോ അപര്യാപ്തതയോ നേരിടുക, നിയമപ്രകാരം നിശ്ചയിച്ച വിലയെക്കാൾ അതികം വാങ്ങുക, ആളുകളുടെ ജീവനും സുരക്ഷക്കും അപകടകരമായ സാധനങ്ങൾ വില്പന നടത്തുക എന്നീ സാഹചര്യങ്ങളിൽ ഇത്തരം സാധനങ്ങളോ സേവനങ്ങളോ വാങ്ങിയ ആൾക്ക് അതായത് ഉപഭോക്താവിനു പരിഹാരത്തിനായി ഉപഭോക്തൃ കോടതി അഥവാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കാവുന്നതാണ്.

സാധനങ്ങൾ വാങ്ങുമ്പോഴോ, സേവനങ്ങൾ ഉപയോഗപ്പെടുത്തുമ്പോഴോ ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്നില്ല എന്നുറപ്പാക്കുന്നതിനാണ് ഉപഭോക്തൃസംരക്ഷണ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്. വളരെ വേഗത്തിലും ലളിതമായ നടപടിക്രമങ്ങളിലൂടെയും കുറഞ്ഞ ചെലവിലും ഉപഭോക്താക്കളെ തർക്കങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നതാണ് ഈ നിയമം. ദേശീയതലത്തിൽ ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ, സംസ്ഥാന തലത്തിൽ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, ജില്ലകൾ തോറും ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ എന്നിങ്ങനെ മൂന്നുതരം സ്ഥാപനങ്ങളാണ് ഈ നിയമം നടപ്പാക്കാനുള്ള സംവിധാനങ്ങളായി പ്രവർത്തിക്കുന്നത്.

ബാങ്ക്, ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷുറൻസ്, ട്രാൻസ്പോർട്ട്, ടെലിഫോൺ സർവീസ്, ഡോക്ടറുടെ സേവനം, ജല വിതരണം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഫ്ലാറ്റ് നിർമാതാക്കൾ, ഇൻഡ്യൻ റെയിൽവേ, ട്രാവൽ ഏജൻസി, ഹോട്ടൽ, പോസ്റ്റൽ സർവീസ്, ഇലക്ട്രിസിറ്റി ബോർഡ്, കൊറിയർ സർവീസ്, ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾ തുടങ്ങി പണം വാങ്ങി സാധനങ്ങൾ വില്പനനടത്തുന്നതോ സേവനങ്ങൾ നൽകുന്നതോ ആയ ഏതു വ്യക്തിയും സ്ഥാപനവും ഈ നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്.

ഉപഭോക്തൃ തർക്ക പരിഹാര വേദികൾ

വാങ്ങിയ സാധനത്തിന്റേയോ സേവനത്തിന്റെയോ മൂല്യം ഒരു കോടിയിൽ കവിയാത്ത പരാതികൾ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനിൽ സമർപ്പിക്കാവുന്നതാണ്. ഒരു കോടി മുതൽ പത്ത് കോടി വരെയുള്ളവ സംസ്ഥാന കമ്മീഷനിലും പത്ത് കോടിക്ക് അധികമാണെങ്കിൽ ദേശീയ കമ്മീഷനിലും ആണ് പരാതി കൊടുക്കേണ്ടത്. പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടായ സ്ഥലം, എതർകക്ഷി (കച്ചവടക്കാരൻ) താമസിക്കുന്നതോ പ്രവൃത്തി നടത്തുന്നതോ ആയ സ്ഥലം, അയാളുടെ ശാഖ പ്രവർത്തിക്കുന്ന സ്ഥലം, പരാതിക്കാരൻ താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന സ്ഥലം എന്നിവിടങ്ങളിലെ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനിൽ ഏതിലെങ്കിലും പരാതി സമർപ്പിക്കാവുന്നതാണ്.

പരാതി നൽകേണ്ട വിധം

പരാതി വെള്ളക്കടലാസിൽ എഴുതി നൽകുകയോ ഓൺലൈൻ ആയി സമർപ്പിക്കുകയോ ചെയ്യാം. നേരിട്ടോ പോസ്റ്റ് വഴിയോ പരാതി ഫയൽ ചെയ്യാം. പരാതി സമർപ്പിക്കുന്നതിന് മുമ്പ് നിങ്ങൾ എതിർകക്ഷിക്ക് വ്യക്തിപരമോ നിയമപരമോ ആയ അറിയിപ്പ് നൽകേണ്ടത് പ്രധാനമാണ്. പരാതിക്കൊപ്പം പരാതിയുടെ നാല് കോപ്പികൾ ഫയൽ ചെയ്യേണ്ടതുണ്ട്, കൂടാതെ കൂടുതൽ എതിർകക്ഷികൾ ഉണ്ടെങ്കിൽ ഓരോ എതിർ കക്ഷിക്കും അധിക പകർപ്പുകളും വെക്കണം. പരാതിക്കാരന്റെ വിലാസം എതിർകക്ഷിയുടെ (കച്ചവടക്കാരൻ/സേവനദാതാവ്) വിലാസം എന്നിവ രേഖപ്പെടുത്തിയിരിക്കണം. ഉത്പന്നം വാങ്ങിയതിന്റെ വിശദവിവരങ്ങൾ പരാതിയിൽ രേഖപ്പെടുത്തണം. ഉല്പന്നത്തിന് നിലവാരക്കുറവ്‌, കേടുപാട്, പ്രവർത്തനരാഹിത്യം, മായം തുടങ്ങി എന്താണോ ഉപഭോക്താവിന് തർക്കമായിട്ടുള്ളത് അവ അല്ലെങ്കിൽ അയാൾ തേടിയ സേവനത്തിന്റെ ന്യൂനത എന്താണോ അത് പരാതിയിൽ രേഖപ്പെടുത്തണം. ഉപഭോക്താവ് ആവശ്യപ്പെടുന്ന പരിഹാരം അഥവാ നിവർത്തികളും എഴുതണം. ജില്ലാ കമ്മിഷനിൽ പരാതികൾ സമർപ്പിക്കുന്നത് ഉപഭോക്തൃ നിയമത്തിന്റെ വകുപ്പ് 35 പ്രകാരമാണ്. പരാതിയോടൊപ്പം നിശ്ചിത ഫീസും നൽകേണ്ടതുണ്ട്. വാങ്ങിയ സാധനത്തിന്റെ വില 5 ലക്ഷം രൂപ വരെ ആണെങ്കിൽ പരാതിയോടൊപ്പം ഫീസ് അടക്കേണ്ടതില്ല. 5 ലക്ഷം മുതൽ 10 ലക്ഷത്തിന് താഴെവരെയുള്ളതിന് 200 രൂപയും 10 ലക്ഷം മുതൽ 20 ലക്ഷത്തിന് താഴെ വരെയുള്ളതിന് 400 രൂപയും ഫീസ് നൽകണം. 20 ലക്ഷത്തിന് മുകളിൽ 50 ലക്ഷം വരെ 1000 രൂപയും, 1 കോടി വരെ 2000 രൂപയും, 1 കോടിക്ക് മുകളിൽ 2 കോടി വരെ 2500 രൂപ, കേസിലുൾപ്പെട്ട സാധനത്തിന്റെയോ സേവനത്തിന്റെയോ വില പത്ത് കോടിക്കും മുകളിലാണെങ്കിൽ 7500 രൂപ എന്നിങ്ങനെയും ഫീസ് നൽകണം. ഫീസ് ഏതെങ്കിലും നാഷണലൈസ്ഡ് ബാങ്കിൽ നിന്നും എടുത്ത ക്രോസ്സ് ചെയ്ത ഡിമാൻഡ് ഡ്രാഫ്റ്റ് ആയോ ക്രോസ്സ് ചെയ്ത പോസ്റ്റൽ ഓർഡർ ആയോ ആണ് അടക്കേണ്ടത്. പ്രസിഡന്റ്, ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ (ജില്ലയുടെ പേര്) എന്ന പേരിലാണ് ഡിമാൻഡ് ഡ്രാഫ്റ്റോ പോസ്റ്റൽ ഓർഡറോ എടുക്കേണ്ടത്. പരാതിക്കാരൻ അവലംബിക്കുന്ന തെളിവുകളെന്തെങ്കിലുമുണ്ടെങ്കിൽ അവയും (രസീത്, ബില്ല്, കരാർ മുതലായവ) പരാതിക്കൊപ്പം ഹാജരാക്കാം. പരാതിക്കൊപ്പം രേഖകളുടെ ഫോട്ടോസ്റ്റാറ്റ് ഹാജരാക്കിയാൽ മതി. അസ്സൽ പിന്നീട് ഹാജരാക്കിയാൽ മതി.

പരാതിയിന്മേലുള്ള നടപടികൾ

ലഭിക്കുന്ന പരാതികൾ ഉപഭോക്തൃ കമ്മീഷൻ എതിർകക്ഷിക്ക് അയച്ചുകൊടുക്കുകയും അയാളോട് 30 ദിവസത്തിനകം മറുപടി ബോധിപ്പിക്കണമെന്നും നിർദ്ദേശിക്കുന്നു. മറുപടി ലഭിച്ചാലും ഇല്ലെങ്കിലും തർക്ക വിചാരണക്കായി തീയതി നിശ്ചയിക്കുകയും തുടർന്ന് പരാതിക്കാരന്റെയും എതിർകക്ഷിയുടെയും തെളിവ് രേഖപ്പെടുത്തുകയും ഭാഗം കേള്‍ക്കുകയും ചെയ്യും. മൂന്നുമാസത്തിനകം പരാതികളിൽ തീർപ്പുകല്പിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഉപഭോക്തൃ കേസുകൾ അഭിഭാഷകന്റെ സഹായമില്ലാതെ, ഉപഭോക്താവിന് നേരിട്ട് നടത്താവുന്നതാണ്. ഈ കേസുകളിൽ തെളിവ് നിയമത്തിലെ വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്ന നിബന്ധനയില്ല. ജില്ലാ കമ്മീഷൻ വിധിക്കെതിരെ സംസ്ഥാന കമ്മീഷനിലും സംസ്ഥാനകമ്മീഷൻ വിധിക്കെതിരെ ദേശീയ കമ്മീഷനിലും ദേശീയ കമ്മീഷൻ വിധിക്കെതിരെ സുപ്രീം കോടതിയിലും അപ്പീൽ ബോധിപ്പിക്കാം. വിധി പറഞ്ഞ് 30 ദിവസത്തിനുള്ളിൽ അപ്പീൽ ബോധിപ്പിക്കാവുന്നതാണ്. എന്നാൽ മതിയായ കാരണങ്ങൾ ഉണ്ടായാൽ 30 ദിവസം കഴിഞ്ഞുള്ള അപ്പീലുകളും സ്വീകരിക്കുന്നതാണ്. വിധി തിയ്യതി എന്ന് ഉദ്ദേശിക്കുന്നത് വിധിയുടെ കോപ്പി കയ്യിൽ കിട്ടുന്ന ദിവസമാണ്. എതിർകക്ഷിയെ ശല്യം ചെയ്യുന്നതിനു വേണ്ടിയുള്ളതോ ബാലിശമായതോ ആയ പരാതികൾ തള്ളിക്കളയാൻ കമ്മീഷനുകൾക്ക് അധികാരമുണ്ട്. കള്ള പരാതി നൽകുന്നവർക്കെതിരെ ശിക്ഷണ നടപടികൾ സ്വീകരിക്കാനും കമ്മീഷനുകൾക്ക് അധികാരമുണ്ട്.

ഉപഭോക്താവിന്റെ നിവൃത്തികൾ

ഉത്പന്നത്തിന്റെ കേടുപാടുകൾ പരിഹരിച്ച് നൽകുവാനും ഉപയോഗശൂന്യമായവ മാറ്റി പുതിയത് നൽകാനും വാങ്ങിയ വില തിരികെ നൽകുവാനും ഏതെങ്കിലും തരത്തിൽ നഷ്ടമുണ്ടാകുകയാണെങ്കിൽ ആയതിന് നഷ്ടപരിഹാരം നൽകുവാനും നിർദ്ദേശിക്കുന്നതിനുള്ള അധികാരം ഉപഭോക്തൃ ഫോറങ്ങൾക്കുണ്ട്. ഈ ഉത്തരവുകൾ ലംഘിക്കപ്പെട്ടാൽ അറസ്റ്റ് ചെയ്ത് ജയിലിലേക്കയയ്ക്കുവാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. വ്യക്തികൾക്ക് നേരിട്ടോ, കൂട്ടായോ, അംഗീകൃത ഉപഭോക്തൃ സംഘടനകൾക്കോ പരാതികൾ നൽകാവുന്നതാണ്.

Categories
Editor's Picks Law for Public Legal News

ഏതു രേഖ കൊണ്ട് പൗരത്വം തെളിയിക്കും?

ഗുവാഹത്തി ഹൈകോടതിയുടെ സമീപകാലത്തെ 2 വിധിന്യായങ്ങളക്കുറിച്ചുള്ള റിപ്പോട്ടുകൾ വ്യാപകമായ ഞെട്ടലും ആശ്ചര്യവും സൃഷ്ടിച്ചു. തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് പൗരത്വത്തിന്റെ തെളിവല്ലെന്ന് ഫോറിനേഴ്സ് ട്രിബ്യൂണലിന്റെ കണ്ടെത്തൽ ശരി വെച്ച്കൊണ്ട് മുനിദ്ര ബിശ്വാസ് എന്ന വ്യക്തിയെ വിദേശിയായി പ്രഖ്യാപിച്ചു കൊണ്ട് ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധി പുറപ്പെടുവിച്ചു. അതേപോലെ പാൻ കാർഡ്, ബാങ്ക് രേഖകൾ, ഭൂനികുതി രസീതുകൾ തുടങ്ങിയവയും പൗരത്വം തെളിയിക്കാൻ പര്യാപ്തമല്ലെന്ന് നിരീക്ഷിച്ച് കൊണ്ട് ജബേദ ബീഗമെന്ന സ്ത്രീയെയും ഹൈകോടതി വിദേശിയായി പ്രഖ്യാപിച്ചു. അതേ സമയം 2020, ഫെബ്രുവരി 11ന് മുംബയിലെ ഒരു വിചാരണ കോടതി തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് പൗരത്വം തെളിയിക്കാൻ മതിയായ രേഖയാണെന്ന് പറഞ്ഞുകൊണ്ട് 1946 ലെ ഫോറിനേഴ്സ് ആക്റ്റ് എന്ന നിയമ പ്രകാരം 2 പേരെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിടുകയുമുണ്ടായി.

ഗുവാഹത്തി ഹൈകോടതിയുടെ മേൽ സൂചിപ്പിച്ച 2 വിധികളും ആസാമിന്റെ പ്രത്യേക സാഹചര്യത്തിൽ ഉണ്ടാക്കപ്പെട്ട ആസാം അക്കോർഡിൽ നിഷ്കർശിച്ചിട്ടുള്ള രേഖകൾ അടിസ്ഥാനപ്പെടുത്തിയുള്ളതാണെങ്കിലും, ദേശീയ പൗരത്വ രജിസ്ട്രറിനെതിരെ വ്യാപകമായ പ്രക്ഷോഭങ്ങൾക്കിടയിലാണ് ഈ വിധികൾ വന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നു.

ഈ സാഹചര്യത്തിൽ ഏതു രേഖകൾക്ക് ഇന്ത്യൻ പൗരത്വം തെളിയിക്കാൻ കഴിയും എന്ന ചോദ്യം സോഷ്യൽ മീഡിയയിലും മറ്റും രൂക്ഷമായി ചർച്ച ചെയ്യപ്പെട്ടു. പൗരത്വത്തിനായി സ്വീകാര്യമായ രേഖകളെക്കുറിച്ച് സർക്കാരിനു തന്നെ വ്യക്തതയില്ല എന്നതാണ് വാസ്തവം, ഇത് ആശങ്കക്കുഴപ്പം വർധിപ്പിക്കുന്നു.

2019 ഡിസംബറിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പൗരത്വത്തിന് തെളിവായി സ്വീകാര്യമായ രേഖകളെക്കുറിച്ച് ഇതു വരെ തീരുമാനമെടുത്തിട്ടില്ല എന്നാണ് പറയുന്നത് (പത്ര കുറിപ്പ് വായിക്കാം)

CAA- NRC യെക്കുറിച്ചുള്ള സംശയങ്ങൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ ഈ പത്രക്കുറിപ്പിൽ പറയുന്നത് ഒരാളോട് വോട്ടർ പട്ടികയിൽ പേര് ചേർക്കാനോ ആധാർ കാർഡ് എടുക്കാനോ എന്ത് രേഖകളാണോ ആവശ്യപ്പെടുന്നത് അത് പോലുള്ള രേഖകൾ മാത്രമേ NRC യിൽ പേര് ചേർക്കാനും ആവശ്യപ്പെടൂ എന്നും NRC നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ല എന്നുമാണ്. അത് പോലെ ജനന തിയ്യതി ജനന സ്ഥലം എന്നിവ കാണിക്കുന്ന രേഖകൾ സമർപ്പിച്ചുകൊണ്ട് പൗരത്വം തെളിയിക്കാനാകും എന്നും അത്തരം രേഖകൾ തീരുമാനിച്ചിട്ടില്ലെന്നും, വോട്ടർ കാർഡ്, പാസ്പോർട്ട്, ആധാർ, ഡ്രൈവിംഗ് ലൈസൻസ്, ഇൻഷൂറൻസ് പേപ്പർ, ജനന സർട്ടിഫിക്കറ്റ്, സ്കൂൾ വിടുതൽ സർട്ടിഫിക്കറ്റ്, സ്ഥലത്തിനേയോ വീടിനേയോ സംബന്ധിച്ച രേഖകൾ എന്നീ രേഖകൾ പൗരത്വം തെളിയിക്കുന്ന രേഖകളായി ഉൾപ്പെടാൻ സാധ്യതയുണ്ടെന്നും ഈ പത്രക്കുറിപ്പിൽ പറയുന്നു.

എന്നാൽ ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, ആധാർ എന്നീ രേഖകൾ നിലവിലെ നിയമ മനുസരിച്ച് ഒരു വ്യക്തിയുടെ പൗരത്വം തെളിയിക്കുന്ന രേഖകൾ അല്ലെന്ന് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഈ രേഖകൾ ഒരാൾ അതിൽ പറയുന്ന വിലാസത്തിൽ താമസിക്കുന്നു എന്ന് മാത്രം തെളിയിക്കുന്ന രേഖയാണെന്നും അവർ അഭിപ്രായപ്പെടുന്നു. അതേ സമയം പാസ്പോർട്ടും, വോട്ടർ ഐഡികാർഡും പൗരത്വത്തിന്റെ തെളിവായി പരിഗണിച്ചേക്കാം എന്ന അഭിപ്രായവും നിയമ രംഗത്തുള്ളവർ പ്രകടിപ്പിക്കുന്നു. കാരണം ഈ രണ്ടു രേഖയും താൻ ഇന്ത്യൻ പൗരനാണെന്ന ഡിക്ലറേഷൻ നൽകിയാൽ മാത്രമേ അനുവദിച്ചു കിട്ടുകയുള്ളൂ. എന്നിരുന്നാലും ഏതെങ്കിലും രേഖ പൗരത്വത്തിനു നിർണായക തെളിവാണെന്ന് സർക്കാറിൽ നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനമോ ഭരണഘടനാ കോടതികളിൽ നിന്നും ഏതെങ്കിലും വിധികളോ ഇതുവരെ വന്നിട്ടില്ല.

പൗരത്വ നിയമം 1955 ന്റെ വകുപ്പ് – 3 അനുസരിച്ച് 1950 ജനുവരി 1 നും 1987 ജൂലൈ 1നും ഇടയിൽ ജനിച്ചവർ അവരുടെ ജനനം കൊണ്ട് ജന്മാവകാശമായി പൗരത്വം ലഭിച്ചവരാണ്. അതുകൊണ്ട് ഈ കാലയളവിൽ അവർ ഇന്ത്യയിൽ ജനിച്ചു എന്ന രേഖയായിരിക്കും സമർപ്പിക്കേണ്ടത്. 1987 ജൂലൈ 1നും 2004 ഡിസംബർ 3 നും ഇടയിൽ ഇന്ത്യയിൽ ജനിച്ച ആളാണെങ്കിൽ അയാൾ ഇന്ത്യയിൽ ജനിച്ചു എന്ന് കാണിക്കുന്ന രേഖയും അയാളുടെ മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്ന രേഖയും ഹാജരാക്കേണ്ടി വരും. അതേ പോലെ ഒരാൾ 2004 ഡിസംബറിർ 4 നോ അതിന് ശേഷമോ ഇന്ത്യയിൽ ജനിച്ചതാണെങ്കിൽ അയാൾ ഇന്ത്യയിൽ ജനിച്ചു എന്ന് കാണിക്കുന്ന രേഖയും അയാളുടെ മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്ന രേഖയും മറ്റേയാൾ അനധികൃത കുടിയേറ്റക്കാരൻ അല്ലെന്നും തെളിയിക്കേണ്ടി വരും. അല്ലെങ്കിൽ മാതാപിതാക്കൾ രണ്ടുപേരും ഇന്ത്യൻ പൗരൻമാരാണെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കിയാലും മതി. മാതാപിതാക്കൾ 1987 ജൂലൈ 1നു മുമ്പ് ഇന്ത്യയിൽ ജനിച്ചവരാണെങ്കിൽ ജനനം കൊണ്ട് അവർ ഇന്ത്യൻ പൗരന്മാരായിരിക്കും. അത് കൊണ്ട് മാതാപിതാക്കളുടെ പൗരത്വം തെളിയിക്കാൻ അവർ ഇന്ത്യയിൽ ജനിച്ചു എന്നു തെളിയിക്കുന്ന രേഖ സമർപ്പിക്കേണ്ടതായി വരും.

Categories
Law for Public

എനിക്ക് വീട്ടിൽ എത്ര സ്വർണ്ണം സൂക്ഷിക്കാൻ കഴിയും ?

സ്വർണ്ണം ഭാവിയിലേക്കുള്ള ഒരു കരുതൽ നിക്ഷേപമായി സൂക്ഷിക്കുന്നവർക്കുള്ള ഒരു സംശയമാണ് ഒരാളുടെ കൈവശം എത്ര സ്വർണ്ണം നിയമപരമായി സൂക്ഷിക്കാം എന്നത് . വല്ല ഇൻകംടാക്സ് റൈഡോ മറ്റോ ഉണ്ടായി വീട്ടിലെ സ്വർണ്ണം പിടിച്ചെടുത്താലോ എന്നൊക്കെയുള്ള ആശങ്ക ഒട്ടുമിക്ക ആളകൾക്കും ഉണ്ടാകും. വരുമാന നികുതി നിയമത്തിൽ അടുത്തക്കാലത്തുണ്ടായ മാറ്റങ്ങളും കള്ളപ്പണം കണ്ടെത്താനുള്ള ഗവൺമെൻ്റിൻ്റെ നീക്കങ്ങളും മൂലം പല തരത്തിലുള്ള തെറ്റായ വാർത്തകളും സ്വർണ്ണത്തെക്കുറിച്ച് പ്രചരിക്കുന്നുണ്ട്. ഒരാൾ സത്യസന്ധനാണെങ്കിൽ പോലും നിയമത്തെക്കുറിച്ചുള്ള അറിവില്ലായ്മ മൂലം അയാൾ നിയമക്കുരുക്കിൽച്ചെന്നുപെടാം.

നിങ്ങളുടെ കയ്യിൽ അതായത് വീട്ടിലോ ലോക്കറിലോ സൂക്ഷിച്ചിട്ടുള്ള സ്വർണ്ണത്തിൻ്റെ ഉറവിടം വിശദീകരിക്കാൻ നിങ്ങൾക്കു കഴിയുമെങ്കിൽ വിഷമിക്കേണ്ടതില്ലെന്ന് നികുതി വിദഗ്ധർ പറയുന്നു. ഇത്തരത്തിൽ നിങ്ങളുടെ കയ്യിലുള്ള സ്വർണ്ണ നിക്ഷേപത്തിൻ്റെ ഉറവിടം വിശദീകരിക്കാൻ കഴിയുമെങ്കിൽ കൈവശം വെക്കാവുന്ന സ്വർണ്ണത്തിൻ്റെ അളവിന് പരിധിയില്ലെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡൈറക്ട് ടാക്സിൻ്റ (CBDT ) 2016 ഡിസംബർ 01 ലെ പത്രക്കുറിപ്പിൽ വൃക്തമാക്കിയിട്ടുണ്ട്. പക്ഷെ നികുതി ഉദ്യോഗസ്ഥർ ഒരാളുടെ വീട്ടിലോ മറ്റോ തിരച്ചിൽ നടത്തുന്ന അവസരത്തിൽ അയാളുടെ കൈവശമുള്ള സ്വർണ്ണത്തിൻ്റെ അളവ് അയാൾ നികുതി റിട്ടേണുകളിൽ വെളിപ്പെടുത്തിയ വരുമാനവുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ ഉദ്യോഗസ്ഥർക്ക് കണക്കിൽപ്പെടാത്ത സ്വർണ്ണം പിടിച്ചെടുക്കാനുള്ള അധികാരമുണ്ട്.

എന്നിരുന്നാലും മേൽ സാഹചര്യത്തിൽ പോലും താഴെ പറയുന്ന അളവിലുള്ള സ്വർണ്ണം പിടിച്ചെടുക്കില്ലെന്ന് CBDT വ്യക്തമാക്കിയിട്ട് ഉണ്ട്.

വിവാഹിതയായ സ്ത്രീ # 500gm
അവിവാഹിതയായ സ്ത്രീ # 250gm
പുരുഷൻ #100gm

അതായത് മേൽ പറഞ്ഞ അളവിലുള്ള സ്വർണ്ണം കൈവശം വെക്കാൻ യാതൊരു രേഖയുടെയും ആവശ്യമില്ലെന്ന് മാത്രമല്ല ഒരാളുടെ വരുമാനവുമായി യോജിക്കുന്നു എന്ന് തെളിയിക്കുകയും വേണ്ട. മേൽ സൂചിപ്പിച്ച അളവിൽ കൂടുതൽ ഉള്ള സ്വർണ്ണത്തിന് ശ്രോതസ്സ് കാണിക്കാതിരിക്കുകയോ നികുതി അടച്ചിട്ടില്ലെന്ന് കാണുകയോ ചെയ്താൽ ഉദ്യോഗസ്ഥർക്ക് പിടിച്ചെടുക്കാൻ അധികാരമുണ്ട്.

എന്നാൽ പറഞ്ഞ അളവിൽ കൂടുതൽ ഉള്ള സ്വർണ്ണം അനന്തരാവകാശമായി ലഭിച്ചതാണെന്ന് തെളിയിക്കാൻ കഴിഞ്ഞാൽ കുടുംബ ആചാരങ്ങളും പാരമ്പര്യവും ഉൾപ്പെടെയുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കി അളവിൽ കൂടുതലുള്ള സ്വർണ്ണം പിടിച്ചെടുക്കാതിരിക്കാൻ ടാക്സ് ഉദ്യോഗസ്ഥർക്ക് വിവേചനാധികാരമുണ്ട്.

അനന്തരാവകാശമായോ സമ്മാനമായോ ലഭിച്ചതാണ് അളവിൽ കൂടുതലുള്ള സ്വർണ്ണം എന്ന് തെളിയിക്കാൻ വാങ്ങിയ ആളുടെ പേരിലുള്ള രസീത്, ഫാമിലി സെറ്റിൽമെൻ്റ് ആധാരം, ഒസിയത്ത് ധനാധാരം തുടങ്ങിയ തെളിവുകൾ ഹാജരാക്കാം. ഇനി നിങ്ങൾക്ക് ഇത്തരം രേഖകളൊന്നുമില്ലെങ്കിൽ നിങ്ങളുടെ കുടുംബ സാമൂഹിക നില ആചാരങ്ങൾ, പാരമ്പര്യങ്ങൾ തുടങ്ങിയവ അടിസ്ഥാനമാക്കി നികുതി ഉദ്യോഗസ്ഥൻ്റെ വിവേചനാധികാരം ഉപയോഗിച്ച് ഒഴിവ് കഴിവ് നൽകിയെന്നും വരാം.പക്ഷെ അത് ഉദ്യോഗസ്ഥരുടെ ബോധ്യത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും .

മേൽ പരാമർശിച്ചത് ഓരോ വ്യക്തികൾക്കുമുള്ള പരിധികളാണ്. ഒരു കുടുംബത്തിലുള്ള ഓരോ വ്യക്തിക്കും ഈ അളവിൽ ഒഴിവു കഴിവു ലഭിക്കും. അങ്ങിനെ വരുമ്പോൾ ഒരു കുടുംബത്തിലെ ഓരോ വ്യക്തിയുടെയും പരിധികൾ ഒന്നിച്ച് കൂടിയിട്ടുള്ള അളവ് സ്വർണ്ണം ഒരു കുടുംബം താമസിക്കുന്ന സ്ഥലത്ത് സൂക്ഷിച്ചു വെക്കുന്നതിനു നിയമ തടസ്സമില്ല.