സ്വർണ്ണം ഭാവിയിലേക്കുള്ള ഒരു കരുതൽ നിക്ഷേപമായി സൂക്ഷിക്കുന്നവർക്കുള്ള ഒരു സംശയമാണ് ഒരാളുടെ കൈവശം എത്ര സ്വർണ്ണം നിയമപരമായി സൂക്ഷിക്കാം എന്നത് . വല്ല ഇൻകംടാക്സ് റൈഡോ മറ്റോ ഉണ്ടായി വീട്ടിലെ സ്വർണ്ണം പിടിച്ചെടുത്താലോ എന്നൊക്കെയുള്ള ആശങ്ക ഒട്ടുമിക്ക ആളകൾക്കും ഉണ്ടാകും. വരുമാന നികുതി നിയമത്തിൽ അടുത്തക്കാലത്തുണ്ടായ മാറ്റങ്ങളും കള്ളപ്പണം കണ്ടെത്താനുള്ള ഗവൺമെൻ്റിൻ്റെ നീക്കങ്ങളും മൂലം പല തരത്തിലുള്ള തെറ്റായ വാർത്തകളും സ്വർണ്ണത്തെക്കുറിച്ച് പ്രചരിക്കുന്നുണ്ട്. ഒരാൾ സത്യസന്ധനാണെങ്കിൽ പോലും നിയമത്തെക്കുറിച്ചുള്ള അറിവില്ലായ്മ മൂലം അയാൾ നിയമക്കുരുക്കിൽച്ചെന്നുപെടാം.
നിങ്ങളുടെ കയ്യിൽ അതായത് വീട്ടിലോ ലോക്കറിലോ സൂക്ഷിച്ചിട്ടുള്ള സ്വർണ്ണത്തിൻ്റെ ഉറവിടം വിശദീകരിക്കാൻ നിങ്ങൾക്കു കഴിയുമെങ്കിൽ വിഷമിക്കേണ്ടതില്ലെന്ന് നികുതി വിദഗ്ധർ പറയുന്നു. ഇത്തരത്തിൽ നിങ്ങളുടെ കയ്യിലുള്ള സ്വർണ്ണ നിക്ഷേപത്തിൻ്റെ ഉറവിടം വിശദീകരിക്കാൻ കഴിയുമെങ്കിൽ കൈവശം വെക്കാവുന്ന സ്വർണ്ണത്തിൻ്റെ അളവിന് പരിധിയില്ലെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡൈറക്ട് ടാക്സിൻ്റ (CBDT ) 2016 ഡിസംബർ 01 ലെ പത്രക്കുറിപ്പിൽ വൃക്തമാക്കിയിട്ടുണ്ട്. പക്ഷെ നികുതി ഉദ്യോഗസ്ഥർ ഒരാളുടെ വീട്ടിലോ മറ്റോ തിരച്ചിൽ നടത്തുന്ന അവസരത്തിൽ അയാളുടെ കൈവശമുള്ള സ്വർണ്ണത്തിൻ്റെ അളവ് അയാൾ നികുതി റിട്ടേണുകളിൽ വെളിപ്പെടുത്തിയ വരുമാനവുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ ഉദ്യോഗസ്ഥർക്ക് കണക്കിൽപ്പെടാത്ത സ്വർണ്ണം പിടിച്ചെടുക്കാനുള്ള അധികാരമുണ്ട്.
എന്നിരുന്നാലും മേൽ സാഹചര്യത്തിൽ പോലും താഴെ പറയുന്ന അളവിലുള്ള സ്വർണ്ണം പിടിച്ചെടുക്കില്ലെന്ന് CBDT വ്യക്തമാക്കിയിട്ട് ഉണ്ട്.
വിവാഹിതയായ സ്ത്രീ # 500gm
അവിവാഹിതയായ സ്ത്രീ # 250gm
പുരുഷൻ #100gm
അതായത് മേൽ പറഞ്ഞ അളവിലുള്ള സ്വർണ്ണം കൈവശം വെക്കാൻ യാതൊരു രേഖയുടെയും ആവശ്യമില്ലെന്ന് മാത്രമല്ല ഒരാളുടെ വരുമാനവുമായി യോജിക്കുന്നു എന്ന് തെളിയിക്കുകയും വേണ്ട. മേൽ സൂചിപ്പിച്ച അളവിൽ കൂടുതൽ ഉള്ള സ്വർണ്ണത്തിന് ശ്രോതസ്സ് കാണിക്കാതിരിക്കുകയോ നികുതി അടച്ചിട്ടില്ലെന്ന് കാണുകയോ ചെയ്താൽ ഉദ്യോഗസ്ഥർക്ക് പിടിച്ചെടുക്കാൻ അധികാരമുണ്ട്.
എന്നാൽ പറഞ്ഞ അളവിൽ കൂടുതൽ ഉള്ള സ്വർണ്ണം അനന്തരാവകാശമായി ലഭിച്ചതാണെന്ന് തെളിയിക്കാൻ കഴിഞ്ഞാൽ കുടുംബ ആചാരങ്ങളും പാരമ്പര്യവും ഉൾപ്പെടെയുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കി അളവിൽ കൂടുതലുള്ള സ്വർണ്ണം പിടിച്ചെടുക്കാതിരിക്കാൻ ടാക്സ് ഉദ്യോഗസ്ഥർക്ക് വിവേചനാധികാരമുണ്ട്.
അനന്തരാവകാശമായോ സമ്മാനമായോ ലഭിച്ചതാണ് അളവിൽ കൂടുതലുള്ള സ്വർണ്ണം എന്ന് തെളിയിക്കാൻ വാങ്ങിയ ആളുടെ പേരിലുള്ള രസീത്, ഫാമിലി സെറ്റിൽമെൻ്റ് ആധാരം, ഒസിയത്ത് ധനാധാരം തുടങ്ങിയ തെളിവുകൾ ഹാജരാക്കാം. ഇനി നിങ്ങൾക്ക് ഇത്തരം രേഖകളൊന്നുമില്ലെങ്കിൽ നിങ്ങളുടെ കുടുംബ സാമൂഹിക നില ആചാരങ്ങൾ, പാരമ്പര്യങ്ങൾ തുടങ്ങിയവ അടിസ്ഥാനമാക്കി നികുതി ഉദ്യോഗസ്ഥൻ്റെ വിവേചനാധികാരം ഉപയോഗിച്ച് ഒഴിവ് കഴിവ് നൽകിയെന്നും വരാം.പക്ഷെ അത് ഉദ്യോഗസ്ഥരുടെ ബോധ്യത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും .
മേൽ പരാമർശിച്ചത് ഓരോ വ്യക്തികൾക്കുമുള്ള പരിധികളാണ്. ഒരു കുടുംബത്തിലുള്ള ഓരോ വ്യക്തിക്കും ഈ അളവിൽ ഒഴിവു കഴിവു ലഭിക്കും. അങ്ങിനെ വരുമ്പോൾ ഒരു കുടുംബത്തിലെ ഓരോ വ്യക്തിയുടെയും പരിധികൾ ഒന്നിച്ച് കൂടിയിട്ടുള്ള അളവ് സ്വർണ്ണം ഒരു കുടുംബം താമസിക്കുന്ന സ്ഥലത്ത് സൂക്ഷിച്ചു വെക്കുന്നതിനു നിയമ തടസ്സമില്ല.